ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റിന്റെ അവസാനദിനം നിർണായകം
Saturday, October 19, 2024 11:59 PM IST
ബംഗളൂരു: രോഹിത് ശർമയുടെ അഞ്ചാംദിനത്തിലെ പഞ്ചതന്ത്രം എന്തായിരിക്കും...? ഒന്നാം ഇന്നിംഗ്സിൽ 46 റണ്‍സിനു പുറത്താക്കിയ കിവീസിനെ, രണ്ടാം ഇന്നിംഗ്സിൽ 107നുള്ളിൽ പറഞ്ഞുവിടാൻ ടീം ഇന്ത്യക്കു സാധിക്കുമോ...? അതോ, 36 വർഷത്തിനുശേഷം ന്യൂസിലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയം സ്വന്തമാക്കുമോ...? അതുമല്ലെങ്കിൽ നാലു ദിനവും കാര്യമായ രീതിയിൽ പെയ്ത മഴനീർത്തുള്ളികൾ ഇന്നും എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കു കോരിച്ചൊരിയുമോ...? എല്ലാ ഉത്തരങ്ങൾക്കുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ബംഗളൂരുവിലേക്ക് കണ്ണുനട്ടിരിക്കുന്നു...
ഒന്നാം ഇന്നിംഗ്സിൽ 46 റണ്‍സിനു പുറത്തായ ഇന്ത്യ, ബാറ്റിംഗ് കരുത്തു വ്യക്തമാക്കിയ രണ്ടാം ഇന്നിംഗ്സിൽ 462 റണ്‍സ് സ്കോർ ചെയ്തു. എന്നാൽ, ഒന്നാം ഇന്നിംഗ്സിൽ 402 റണ്‍സ് നേടിയ ന്യൂസിലൻഡിനു മുന്നിൽ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു മുന്നോട്ടു വയ്ക്കാൻ സാധിച്ചത് 107 റണ്‍സിന്റെ മാത്രം വിജയ ലക്ഷ്യമാണ്. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ന്യൂസിലൻഡ് നാലു പന്തു മാത്രം നേരിട്ട് മഴയെത്തുടർന്നു ക്രീസ് വിട്ടു. റണ്ണൊന്നുമെടുക്കാതെ ടോം ലാഥവും ഡെവോണ്‍ കോണ്‍വെയും ക്രീസിലുണ്ട്.
36 വർഷത്തിനുശേഷം കിവീസ് ജയം?
ഇന്ത്യൻ മണ്ണിൽ നീണ്ട 36 വർഷത്തിനുശേഷം ഒരു ടെസ്റ്റ് ജയത്തിന്റെ വക്കിലാണ് ന്യൂസിലൻഡ്. 1989ൽ സർ റിച്ചാർഡ് ഹാഡ്ലിയുടെ ന്യൂസിലൻഡ് മുംബൈ വാങ്കഡേയിൽ 136 റണ്‍സിനു വെന്നിക്കൊടി പാറിച്ചതായിരുന്നു ഇന്ത്യൻ മണ്ണിൽ കിവീസിന്റെ അവസാന ജയം. റിച്ചാർഡ് ഹാഡ്ലി 10 വിക്കറ്റ് നേടിയതായിരുന്നു ന്യൂസിലൻഡ് ജയത്തിൽ നിർണായകമായത്.
2024ൽ ന്യൂസിലൻഡ് വീണ്ടും ഇന്ത്യൻ മണ്ണിൽ ജയത്തിനുള്ള സാധ്യതകൾ തുറന്നിരിക്കുന്നു. ബംഗളൂരു ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് 107 റണ്‍സ് എടുക്കാൻ സാധിച്ചാൽ കിവീസ് ആനന്ദനൃത്തം ചവിട്ടും.
107 പ്രതിരോധിച്ച ചരിത്രം
107 റണ്‍സ് എന്ന ലക്ഷ്യം പ്രതിരോധിച്ച് 13 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ചരിത്രം ഇന്ത്യക്കുണ്ടെന്നതും ചരിത്രം. ഹോം ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ വിജയകരമായി പ്രതിരോധിച്ച ഏറ്റവും ചെറിയ ലക്ഷ്യമാണ് 107. ഓസ്ട്രേലിയയ്ക്കെതിരേ 2004ൽ മുംബൈ വാങ്കഡേയിലായിരുന്നു ഇന്ത്യ വിജയകരമായി 107 പ്രതിരോധിച്ച് 13 റണ്‍സ് ജയം സ്വന്തമാക്കിയത്.
രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ, ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിൽ 93 റണ്‍സിനു പുറത്താക്കി അന്നു ജയത്തിലെത്തി. 2004ന്റെ തനിയാവർത്തനത്തിനായാണ് ഇന്ത്യൻ ആരാധകർ ഇന്നു ബംഗളൂരുവിലേക്ക് ഉറ്റുനോക്കുന്നത്.
സർഫറാസ് ക്ലാസ് സെഞ്ചുറി
70 റണ്‍സുമായി പുറത്താകാതെ നിന്ന സർഫറാസ് ഖാന്റെ ഒപ്പം ഋഷഭ് പന്തായിരുന്നു ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ നാലാം ദിനം ക്രീസിലെത്തിയത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 231 എന്ന നിലയിൽ ഒന്നിച്ച ഈ കൂട്ടുകെട്ട് 408 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചശേഷമാണു പിരിഞ്ഞത്.
നേരിട്ട 110-ാം പന്തിൽ സെഞ്ചുറി തികച്ച സർഫറാസിന്റെ കടന്നാക്രമണമായിരുന്നു ചിന്നസ്വാമിയിൽ കണ്ടത്. നേരിട്ട 55-ാം പന്തിൽ അർധസെഞ്ചുറി തികച്ച ഋഷഭ് പന്ത് മികച്ച പിന്തുണ നൽകി.
195 പന്തിൽ 150 റണ്‍സുമായി സർഫറാസ് ഖാൻ ടിം സൗത്തിയുടെ പന്തിൽ അജാസ് പട്ടേലിനു ക്യാച്ച് നൽകി പുറത്ത്. ടെസ്റ്റിൽ സർഫറാസിന്റെ കന്നി സെഞ്ചുറിയാണ്. മൂന്നു സിക്സും 18 ഫോറും സർഫറാസിന്റെ ബാറ്റിൽനിന്നു പിറന്നു. ആദ്യ 100 റണ്‍സിലെ 40ഉം പോയിന്റിനും തേർഡ് മാനിനും ഇടയിലൂടെയുള്ള ലേറ്റ് കട്ടിലൂടെയായിരുന്നു സർഫറാസ് നേടിയത്.
ഇരുപത്താറുകാരനായ സർഫറാസിന്റെ ബാറ്റിംഗ് ക്ലാസ് വെളിപ്പെടുത്തുന്നതായിരുന്നു അപ്പർ കട്ട്, ഡാബ്സ്, സ്വിഷ് സ്വാറ്റ് തുടങ്ങിയ ലേറ്റ് ഷോട്ടുകൾ. ജാവേദ് മിയാൻദാദിന്റെ 2024 വേർഷൻ എന്നാണ് സഞ്ജയ് മഞ്ജരേക്കർ സർഫറാസിനെ വിശേഷിപ്പിച്ചതെന്നതും ശ്രദ്ധേയം.
പന്ത് ബി ഒറോക്ക് 99
ഒന്നാം ഇന്നിംഗ്സിനിടെ കാൽമുട്ടിനു പന്തുകൊണ്ടു പരിക്കേറ്റ് മൈതാനംവിട്ട ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. ഗ്ലെൻ ഫിലിപ്സിനെ കവർ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി നേരിട്ട 55-ാം പന്തിൽ പന്ത് അന്‍പതിലെത്തി.
എന്നാൽ, ഏഴാം ടെസ്റ്റ് സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഋഷഭ് പന്ത് പുറത്ത്. ആറടി നാലിഞ്ച് ഉയരമുള്ള വില്യം ഒറോക്കിന്റെ പന്തിൽ ഋഷഭ് ബൗൾഡായി. പന്തും സർഫറാസും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 35.1 ഓവറിൽ 177 റണ്‍സ് നേടിയത് ന്യൂസിലൻഡ് ബൗളർമാരുടെ താളം തെറ്റിച്ചു.
രണ്ടാം ന്യൂബോളിൽ വീണു
സർഫറാസ്-പന്ത് കൂട്ടുകെട്ടിനുശേഷം ന്യൂസിലൻഡ് നടത്തിയ രണ്ടാം ന്യൂബോൾ ആക്രമണം ഇന്ത്യയെ തകർത്തു. രണ്ടാം ന്യൂബോൾ ആക്രമണത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റാണ് നഷ്ടപ്പെട്ടത്. നേടാനായത് വെറും 62 റണ്‍സും.
സ്കോർ ബോർഡിൽ 400 റണ്‍സുള്ളപ്പോഴായിരുന്നു കിവീസ് രണ്ടാം ന്യൂബോൾ കൈയിലെടുത്തത്. സ്കോർ 408ൽ എത്തിയപ്പോൾ സർഫറാസിനെ വീഴ്ത്തി അതിന്റെ ആദ്യഫലം സന്ദർശകർ ആഘോഷിച്ചു. തുടർന്ന് 462ൽ ഇന്ത്യയെ അവർ പുറത്താക്കുകയും ചെയ്തു. അതോടെ ന്യൂസിലൻഡിനു മുന്നിൽ മികച്ച ലക്ഷ്യം മുന്നോട്ടുവയ്ക്കാമെന്ന ഇന്ത്യൻ മോഹം അസ്ഥാനത്തായി.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 46.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 402.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സ്റ്റംപ്ഡ് ബ്ലണ്ടെൽ ബി അജാസ് 35, രോഹിത് ബി അജാസ് 52, കോഹ്ലി സി ബ്ലണ്ടെൽ ബി ഫിലിപ്സ് 70, സർഫറാസ് സി അജാസ് ബി സൗത്തി 150, പന്ത് ബി ഒറോക്ക് 99, രാഹുൽ സി ബ്ലണ്ടെൽ ബി ഒറോക്ക് 12, ജഡേജ സി യംഗ് ബി ഒറോക്ക് 5, അശ്വിൻ എൽബിഡബ്ല്യു ബി ഹെൻറി 15, കുൽദീപ് നോട്ടൗട്ട് 6, ബുംറ സി ബ്ലണ്ടെൽ ബി ഹെൻറി 0, സിറാജ് സി സൗത്തി ബി ഹെൻറി 0, എക്സ്ട്രാസ് 18, ആകെ 99.3 ഓവറിൽ 462.
വിക്കറ്റ് വീഴ്ച: 1-72, 2-95, 3-231, 4-408, 5-433, 6-438, 7-441, 8-458, 9-462, 10-462.
ബൗളിംഗ്: സൗത്തി 15-2-53-1, ഹെൻറി 24.3-3-102-3, ഒറോക്ക് 21-4-92-3, അജാസ് പട്ടേൽ 18-3-100-2, ഫിലിപ്സ് 15-2-69-1, രചിൻ 6-0-30-0.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം നോട്ടൗട്ട് 0, കോണ്‍വെ നോട്ടൗട്ട് 0, എക്സ്ട്രാസ് 0, ആകെ 0.4 ഓവറിൽ 0/0.
ബൗളിംഗ്: ബുംറ 0.4-0-0-0.