മെസി ട്രിക്ക്; മയാമി റിക്കാർഡ്
Monday, October 21, 2024 12:42 AM IST
ഫ്ളോറിഡ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക്കിൽ ഇന്റർ മയാമിക്കു മിന്നും ജയം. മേജർ ലീഗ് സോക്കർ (എംഎൽഎസ്) 2024 സീസണിലെ അവസാന ലീഗ് റൗണ്ട് പോരാട്ടത്തിൽ ഇന്റർ മയാമി 6-2നു ന്യൂ ഇംഗ്ലണ്ട് റെവലൂഷനെ കീഴടക്കി.
ഈ ജയത്തോടെ എംഎൽഎസ് ലീഗ് റൗണ്ടിലെ പോയിന്റ് റിക്കാർഡും ഇന്റർ മയാമി കുറിച്ചു. ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് എന്ന റിക്കാർഡാണ് മെസിയും സംഘവും സ്വന്തമാക്കിയത്. ന്യൂ ഇംഗ്ലണ്ട് റെവലൂഷനെതിരേ ജയിച്ചാൽ പോയിന്റ് റിക്കാർഡ് കുറിക്കാമെന്ന നിലയിലാണ് ഇന്റർ മയാമി ഇറങ്ങിയത്.
78, 81, 89 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ലൂയിസ് സുവാരസ് (40', 42') ഇരട്ട ഗോൾ നേടി. ബെഞ്ചമിൻ ക്രെമാഷിയുടെ (58') വകയായിരുന്നു ഇന്റർ മയാമിയുടെ മറ്റൊരു ഗോൾ.
ജയത്തോടെ 34 മത്സരങ്ങളിൽനിന്ന് 74 പോയിന്റ് ഇന്റർ മയാമി സ്വന്തമാക്കി. 2024 എംഎൽഎസ് സപ്പോർട്ടേഴ്സ് ഷീൽഡ് ഇതിനോടകം മെസിയും സംഘവും നേടിയിരുന്നു. 2021 സീസണിൽ ന്യൂ ഇംഗ്ലണ്ട് റെവലൂഷൻ ലീഗ് റൗണ്ടിൽ 73 പോയിന്റ് നേടിയതായിരുന്നു എംഎൽഎസ് ചരിത്രത്തിലെ ഇതുവരെയുള്ള റിക്കാർഡ്. ന്യൂ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഈ റിക്കാർഡ് ഇന്റർ മയാമി മറികടന്നതെന്നതും ശ്രദ്ധേയം.
ലീഗ് റൗണ്ടിൽ മെസിയും സുവാരസും ഇന്റർ മയാമിക്കുവേണ്ടി 20 ഗോൾ വീതം സ്വന്തമാക്കി. ബുധനാഴ്ച മുതൽ എംഎൽഎസ് പ്ലേ ഓഫ് റൗണ്ട് പോരാട്ടങ്ങൾക്കു തുടക്കമാകും.