ഡബിൾ ബ്ലാസ്റ്റ്
Monday, October 21, 2024 12:42 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു 2024-25 സീസണിലെ രണ്ടാം ജയം. എവേ പോരാട്ടത്തിൽ കോൽക്കത്തൻ പാരന്പര്യ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ 1-2നു കേരള ബ്ലാസ്റ്റേഴ്സ് കീഴടക്കി.
ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം ഖ്വാമെ പെപ്ര (67’), ജെസ്യൂസ് ജിമെനെസ് (75’) എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയത്.
മുഹമ്മദന്റെ കുപ്പിയേറ്
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചതോടെ ഗാലറിയിൽ മുഹമ്മദൻ ആരാധകർ അക്രമാസക്തമായി. ബ്ലാസ്റ്റേഴ്സ് ആരാധകർക്കുനേരെ കുപ്പ്, ചെരുപ്പ് മുതലായവ അവർ എറിഞ്ഞു.
നോഹ് സദൗയിയുടെ അസിസ്റ്റിലായിരുന്നു ഖ്വാമെ പെപ്ര 67-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ സ്വന്തമാക്കിയത്. നോച്ച സിംഗിന്റെ അസിസ്റ്റിൽ ജിമെനെസ് കേരള ക്ലബ്ബിനു ജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചു.
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണ്. അഞ്ചു മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.