എട്ടുനിലയിൽ പൊട്ടി; ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം
Monday, October 21, 2024 12:42 AM IST
ബംഗളൂരു: അദ്ഭുതങ്ങൾ സംഭവിച്ചില്ല, ആവശ്യ സമയത്ത് മഴയും ചതിച്ചു. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് എട്ടു വിക്കറ്റ് ജയം. വിജയലക്ഷ്യമായ 107 റൺസ് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലൻഡ് സ്വന്തമാക്കി. അതോടെ മൂന്നു മത്സര പരമ്പരയിൽ കിവീസ് 1-0ന്റെ ലീഡ് സ്വന്തമാക്കി. വെറും 28 ഓവറിനുള്ളിലാണ് ന്യൂസിലൻഡ് ജയത്തിലെത്തിയത്.
കിവീസിന്റെ റിക്കാർഡ് ജയം
നീണ്ട 36 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 1988ൽ മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലായിരുന്നു ഇതിനു മുൻപ് ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിച്ചത്. അന്ന് 136 റൺസിനായിരുന്നു കിവീസ് ജയം. ന്യൂസിലൻഡിന് എതിരായ ഏറ്റവും ചെറിയ സ്കോറായ 46ന് ഒന്നാം ഇന്നിംഗ്സിൽ പുറത്തായതായിരുന്നു ഇന്ത്യ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരാജയപ്പെടാനുണ്ടായ സുപ്രധാന കാരണം. സ്വന്തം മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറും ഇതാണ്.
രണ്ടാം പന്തിൽ വിക്കറ്റ്, പക്ഷേ...
നാലാംദിനം അവസാനിച്ചപ്പോൾ വിജയലക്ഷ്യമായ 107 പിന്തുടർന്ന ന്യൂസിലൻഡ് നാലു പന്തിൽ പൂജ്യം എന്ന സ്കോറിനായിരുന്നു രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അഞ്ചാംദിനമായ ഇന്നലെ ക്യാപ്റ്റൻ ടോം ലാഥവും ഡെവോൺ കോൺവെയും ക്രീസിലെത്തി. നാലാംദിനം എറിഞ്ഞ ഓവറിൽ പൂർത്തിയാക്കാനുണ്ടായിരുന്ന രണ്ടാം പന്തിൽ ജസ്പ്രീത് ബുംറ ടോം ലാഥത്തിനെ (0) വിക്കറ്റിനു മുന്നിൽ കുടുക്കി. അഞ്ചാംദിനത്തിലെ രണ്ടാം പന്തിൽ വിക്കറ്റ് വീണത് ഇന്ത്യൻ പ്രതീക്ഷ വാനോളമെത്തിച്ചു.
സ്കോർ 35ൽ എത്തിയപ്പോൾ കോൺവെയും (17) ബുംറയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്ത്. എന്നാൽ, പിന്നീട് കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിൽനിന്നകന്നു. വിൽ യംഗും (76 പന്തിൽ 48 നോട്ടൗട്ട്) രചിൻ രവീന്ദ്രയും (46 പന്തിൽ 39 നോട്ടൗട്ട്) കൂടുതൽ വിക്കറ്റ് നഷ്ടംകൂടാതെ ന്യൂസിലൻഡിനെ ജയത്തിലെത്തിച്ചു. ആദ്യ ഇന്നിംഗ്സിൽ 134ഉം രണ്ടാം ഇന്നിംഗ്സിൽ 39 നോട്ടൗട്ടുമായി ന്യൂസിലൻഡിന്റെ ബാറ്റിംഗ് നട്ടെല്ലായ ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയാണ് പ്ലെയർ ഓഫ് ദ മാച്ച്.
സ്കോർ ബോർഡ്
ഇന്ത്യ: 46, 462.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 402.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം എൽബിഡബ്ല്യു ബി ബുംറ 0, കോൺവെ എൽബിഡബ്ല്യു ബി ബുംറ 17, യംഗ് നോട്ടൗട്ട് 48, രചിൻ നോട്ടൗട്ട് 39, എക്സ്ട്രാസ് 6, ആകെ 27.4 ഓവറിൽ 110/2.
വിക്കറ്റ് വീഴ്ച: 1-0, 2-35.
ബൗളിംഗ്: ബുംറ 8-1-29-2, സിറാജ് 7-3-16-0, ജഡേജ 7.4-1-28-0, കുൽദീപ് 3-0-26-0, അശ്വിൻ 2-0-6-0.
ഇന്ത്യയുടെ ലോക ടെസ്റ്റ് ഫൈനൽ സാധ്യത
ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ തുടർച്ചയായ മൂന്നാം തവണയും കളിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്കുമേൽ കരിനിഴലായിരിക്കുകയാണ് ന്യൂസിലൻഡിന് എതിരായ ബംഗളൂരുവിലെ എട്ടു വിക്കറ്റ് ജയം. ന്യൂസിലൻഡിനെതിരേ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കംതട്ടിയിട്ടില്ല. 2023-25 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു ഫൈനൽ കളിക്കണമെങ്കിൽ ശേഷിക്കുന്ന ഏഴു മത്സരങ്ങളിൽ അഞ്ച് എണ്ണത്തിൽ ജയിക്കണം. അല്ലെങ്കിൽ മറ്റു ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനൽ സാധ്യത.
ന്യൂസിലൻഡിനെതിരേ പൂനയിലും മുംബൈയിലുമായി രണ്ടു ടെസ്റ്റ് ഈ പരമ്പരയിൽ ശേഷിക്കുന്നുണ്ട്. തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിൽ അഞ്ചു മത്സരങ്ങളും. 68.06 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ലോക ചാന്പ്യൻഷിപ്പ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്. 62.5 ശതമാനമുള്ള ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.