പുരുഷ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെഹ്റാവത്തിന് വെങ്കലം
Saturday, August 10, 2024 2:14 AM IST
പാരീസില്‍നിന്ന് ആല്വിന് ടോം കല്ലുപുര
ഒടുവിൽ ഗുസ്തി പിടിച്ച് ഇന്ത്യ പാരീസിൽ മെഡൽ സ്വന്തമാക്കി. 33-ാം ഒളിമ്പിക് പുരുഷ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്കുവേണ്ടി ഇരുപത്തിയെന്നുകാരനായ അമൻ ഷെഹ്റാവത് വെങ്കലമെഡൽ സ്വന്തമാക്കി.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം വെങ്കല മെഡലാണ്. നീരജ് ചോപ്ര പുരുഷ ജാവലിൽത്രോയിലൂടെ സ്വന്തമാക്കിയ വെള്ളി മെഡൽ ഉൾപ്പെടെ പാരീസിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം ഇതോടെ ആറായി.
വനിതാ ഗുസ്തി ഫൈനലിനു മുമ്പ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിലൂടെ ഗോദയിൽ കണ്ണീരണിഞ്ഞ ഇന്ത്യക്ക് ആശ്വാസമേകുന്നതാണ് അമന്റെ വെങ്കലം. വെങ്കല മെഡൽ പോരാട്ടത്തിൽ പ്യൂട്ടോ റിക്കയുടെ ഡാർവിൻ ക്രൂസിനെ 13 - 5 എന്ന വ്യത്യസത്തിൽ മലർത്തിയടിച്ചാണ് അമൻ ഇന്ത്യൻ പതാക പാരീസിലെ ഗോദയിൽ പാറിച്ചത്. മത്സരത്തിൽ ആദ്യ പോയിന്റ് ക്രൂസായിരുന്നു നേടിയത്.
നാളെ കൊടിയിറക്കം
33-ാം ഒളിമ്പിക്സിനു നാളെ കൊടിയിറക്കം. ഇന്ത്യക്കിന്ന് വനിതാ ഗോള്‍ഫ്, ഗുസ്തി മത്സങ്ങളുണ്ട്. നാളെ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് സമാപന സമ്മേളനം.
സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഹോക്കി ഗോള്‍കീപ്പറായ മലയാളി താരം പി.ആര്. ശ്രീജേഷ് വഹിക്കും. പാരീസില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം സ്വന്തമാക്കിയതോടെ രണ്ട് ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ മലയാളിയെന്ന നേട്ടത്തില്‍ ശ്രീജേഷ് എത്തിയിരുന്നു.