യുവേഫ ചാന്പ്യൻസ് ലീഗ്: ലെൻസിനെ വീഴ്ത്തി ആഴ്സണൽ
Friday, December 1, 2023 2:54 AM IST
ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗിൽ ആഴ്സണലിനു ഗംഭീരജയം. ഫ്രഞ്ച് ക്ലബ്ബായ ലെൻസിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്കു പരാജയപ്പെടുത്തി.
മറ്റൊരു മത്സരങ്ങളിൽ റയൽ മാഡ്രിഡ് നാപ്പോളിയെ കീഴക്കി. ബയേണ്‍ മ്യൂണിച്ചിനെ കോപ്പൻഹേഗനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗലത്സറെയും സമനിലയിൽ കുരുക്കി. അഞ്ചു മത്സരങ്ങളിൽ നാലിലും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതുള്ള ബയേണിന്റെ ആദ്യ സമനിലയാണിത്.
ഗണ്ണേഴ്സ് പവര്‍
ഗ്രൂപ്പ് ബി മത്സരത്തിൽ ലെൻസിനെതിരേ 13-ാം മിനിറ്റിൽ കായ് ഹവേർട്സിലൂടെ ആഴ്സണൽ ലീഡ് നേടി. 21-ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ്, 23-ാം മിനിറ്റിൽ ബുകായോ സാക്ക, 27-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനല്ലി, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാർട്ടിൻ ഒഡെഗാർഡ് എന്നിവരും ലക്ഷ്യംകണ്ടതോടെ അഞ്ചു ഗോളിന്റെ ലീഡുമായാണ് ആഴ്സണൽ ആദ്യ പകുതി അവസാനിപ്പിച്ചത്. 86-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർജീഞ്ഞോകൂടി ഗോൾ കണ്ടെത്തിയതോടെ ആഴ്സണലിന്റെ ആറാട്ട് പൂർണം. അഞ്ച് കളികളിൽനിന്ന് 12 പോയിന്റുമായി ആഴ്സണൽ ഗ്രൂപ്പ് ചാന്പ്യന്മാരാകുമെന്ന് ഉറപ്പായി.
നശിപ്പിച്ചു!
രണ്ടു ഗോളിന്റെ ലീഡ് കളഞ്ഞുകുളിച്ചാണു യുണൈറ്റഡ് ടർക്കിഷ് ക്ലബ്ബായ ഗലത്സറെയോടു സമനില വഴങ്ങിയത്. 11-ാം മിനിറ്റിൽ അലെയാന്ദ്രോ ഗർനാച്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. ഏഴു മിനിറ്റിനുശേഷം ബ്രൂണോ ഫെർണാണ്ടസിലൂടെ ലീഡ് ഇരട്ടിയാക്കി.
29-ാം മിനിറ്റിൽ ഹക്കീം സിയെഷ് ഫ്രീകിക്കിലൂടെ ഗലത്സറെയ്ക്കുവേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും 55-ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനയിലൂടെ മൂന്നാം ഗോളും കണ്ടെത്തിയതോടെ കളി യുണൈറ്റഡിനൊപ്പമാണെന്ന് ആരാധകർ വിശ്വസിച്ചു. എന്നാൽ, 62-ാം മിനിറ്റിൽ സിയെഷ് വീണ്ടും ലക്ഷ്യംകണ്ടതോടെ കടം ഒരു ഗോളായി ചുരുങ്ങി. 71-ാം മിനിറ്റിൽ അക്തുർ കാഗ്ലുവും ഗലത്സറെയ്ക്കായി ലക്ഷ്യംകണ്ടതോടെ യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകൾ പെട്ടിയിലായി. അഞ്ചു കളിയിൽ ഒരു ജയം മാത്രമുള്ള യുണൈറ്റഡ് ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ്.
ഹേയ് ജൂഡ്
നാപ്പോളിയെ രണ്ടിനെതിരേ നാലു ഗോളുകൾക്കാണു സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 84-ാം മിനിറ്റ് വരെ രണ്ടു ഗോളടിച്ച് ഇരു ടീമും സമനില പാലിച്ചെങ്കിലും അവസാന മിനിറ്റുകളിൽ രണ്ടുഗോൾകൂടി നേടിയാണ് റയലിന്റെ കുതിപ്പ്. റയലിനായി റോഡ്രിഗോ (11’), ജൂഡ് ബെല്ലിങ്ഗം (22’), നിക്കോ (84’), ഹൊസേലു (94+4) എന്നിവർ ലക്ഷ്യംകണ്ടപ്പോൾ, സിമിയോണി (9’), സോംബോ അംഗ്വീസ (47’) എന്നിവരുടെ വകയായിരുന്നു നാപ്പോളിയുടെ ഗോൾ.
മാസ് മാരിയോ
മറ്റു മത്സരങ്ങളിൽ ബെൻഫിക്ക ഇന്റർമിലാനെ സമനിലയിൽ കുരുക്കി. ഇരുടീമും മൂന്നു ഗോൾ വീതം നേടിയ മത്സരത്തിൽ ബെൻഫിക്കയ്ക്കായി ഹാവോ മാരിയോ ഹാട്രിക് നേടി. അർനോറ്റോവിച്ച്, ഫ്രറ്റേസി, സാഞ്ചസ് എന്നിവരുടെ വകയായിരുന്നു ഇന്ററിന്റെ ഗോൾ.
നോക്കൗട്ട് ഉറപ്പിച്ചവർ
മാഞ്ചസ്റ്റർ സിറ്റി
ആർബി ലെയ്പ്സിഗ്
റയൽ മാഡ്രിഡ്
ഇന്റർ മിലാൻ
റയൽ സോസിദാദ്
ബയേണ്‍ മ്യൂണിച്ച്
ബാഴ്സലോണ
ഡോർട്ട്മുണ്ട്
അത്ലറ്റിക്കോ മാഡ്രിഡ്
ലാസിയോ
ആഴ്സണൽ
പിഎസ്വി