സുവർണ ഉന്നം...
Thursday, September 28, 2023 2:23 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഉന്നംപിഴയ്ക്കാത്ത പ്രകടനവുമായി ഇന്ത്യ. രണ്ടു സ്വർണം, മൂന്നു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ ഏഴു മെഡലുകളാണ് നാലാം ദിനമായ ഇന്നലെ ഇന്ത്യ ഷൂട്ടിംഗിലൂടെ അക്കൗണ്ടിൽ ചേർത്തത്. അഞ്ചു സ്വർണവും ഏഴു വെള്ളിയും 10 വെങ്കലവുമുൾപ്പെടെ 22 മെഡലുകളുമായി ഗെയിംസ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ.
50 മീറ്റർ റൈഫിൾ-3 പൊസിഷൻ ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ ലോകറിക്കാർഡോടെ സിഫ്റ്റ് കൗർ സംറയും (469.6 പോയിന്റ്) 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗ് ടീം വിഭാഗത്തിൽ മനു ഭാകർ, ഇഷ സിംഗ്, റിഥം സാംഗ്വാൻ എന്നിവരടങ്ങുന്ന സംഘവുമാണ് ഇന്ത്യയുടെ സ്വർണനേട്ടക്കാർ.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ ഇഷ സിംഗ്, 50 മീറ്റർ റൈഫിൾ-3 പൊസിഷനിൽ വനിതാ ടീം (സിഫ്റ്റ് കൗർ സംറ, ആഷി ഛൗക്സെ, മാനിനി കൗഷിക്), പുരുഷന്മാരുടെ വ്യക്തിഗത സ്കീറ്റിൽ അനന്ത്ജീത്ത് നരൂക്ക എന്നിവർ വെള്ളി നേടി. വനിതകളുടെ 50 മീറ്റർ റൈഫിൾ-3 പൊസിഷൻ വ്യക്തിഗത വിഭാഗത്തിൽ ആഷി ഛൗക്സെയും പുരുഷന്മാരുടെ സ്കീറ്റ് ടീമും വെങ്കലത്തിൽ ഒതുങ്ങി.
25 മീറ്റർ ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ മനു ഭാകറും ഇഷ സിംഗും ഫൈനലിൽ കടന്നിട്ടുണ്ട്.
വനിതകളുടെ വുഷു 60 കിലോഗ്രാം വിഭാഗം ഫൈനലിൽ കടന്ന റോഷിബിന ദേവി വെള്ളിമെഡലുറപ്പിച്ചു; ജയിച്ചാൽ സ്വർണവും.
ഏഷ്യൻ ഗെയിംസ്
റാങ്ക്, ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ
1. ചൈന 76 43 21 140
2. കൊറിയ 19 18 33 70
3. ജപ്പാൻ 15 27 24 66
4. ഉസ്ബക്കിസ്ഥാൻ 6 10 12 28
5. തായ്ലൻഡ് 6 3 8 17
7. ഇന്ത്യ 5 7 10 22