അശ്വാരൂഢർ...ഏഷ്യൻ ഗെയിംസ് ടീം അശ്വാഭ്യാസത്തിൽ ഇന്ത്യക്ക് ചരിത്ര സ്വർണം
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ കുതിരപ്പുറത്തേറിയൊരു സ്വർണം ഇന്ത്യൻ അക്കൗണ്ടിലെത്തി. ആ സ്വർണമാകട്ടെ ചരിത്രത്താളുകളിൽ കുറിക്കപ്പെട്ടു... ഹാങ്ഝൗ ഏഷ്യൻ ഗെയിംസിന്റെ ടീം ഡ്രെസേജ് അശ്വാഭ്യാസത്തിലാണ് ഇന്ത്യ ചരിത്ര സ്വർണം നേടിയത്. അനുഷ് അഗർവാല, ഹൃദയ് വിപുൽ ഛേദ്ദ, സുദിപ്തി ഹജേല, ദിവ്യാകൃതി സിംഗ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കു ടീം ഡ്രെസേജിൽ സ്വർണം സമ്മാനിച്ചത്. 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയ മൂന്നാം സ്വർണ മെഡൽ.
നീണ്ട 41 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അശ്വാഭ്യാസത്തിലൂടെ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്നത്. 1982 ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലായിരുന്നു ഇതിനു മുന്പ് ഇന്ത്യ അശ്വാഭ്യാസത്തിലൂടെ സ്വർണത്തിൽ മുത്തമിട്ടത് എന്നതു ചരിത്രം. 209.205 പോയിന്റ് നേടിയാണ് ഇന്ത്യൻ ടീം ഹാങ്ഝൗവിൽ സ്വർണം സ്വന്തമാക്കിയത്. വെള്ളിയണിഞ്ഞ ചൈനയ്ക്ക് 204.882 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. ഹോങ്കോംഗിനാണു വെങ്കലം.
രാജാക്കന്മാരുടെ കളി...
അശ്വാഭ്യാസ കായിക മത്സരങ്ങളിലൊന്നാണു ഡ്രെസേജ്. ഇവെന്റിംഗ്, ജംപിംഗ് തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങൾ അരങ്ങേറും. ടീം ഇനത്തിൽ ഏറ്റവും പ്രസിദ്ധമായ അശ്വാഭ്യാസ കായിക ഇനമാണു പോളോ.
അശ്വാഭ്യാസത്തിനായി കുതിരയ്ക്കും കുതിരപ്പുറത്തിരിക്കുന്ന കായിക താരത്തിനുമായുള്ള ആടയാവരണങ്ങൾക്ക് ഏകദേശം 10 മുതൽ 15 ലക്ഷം രൂപവരെ ചെലവ് വരുമെന്നാണു കണക്ക്. ഒരു കുതിരയെ ഒരു മാസം നല്ല രീതിയിൽ പോറ്റണമെങ്കിൽ ചുരുങ്ങിയത് 30,000 രൂപയെങ്കിലും ചെലവ് വരുമെന്നതു മറ്റൊരു കാര്യം. രാജാക്കന്മാരുടെ കായികവിനോദം എന്നാണു പോളോ അറിയപ്പെടുന്നതെന്നതും ശ്രദ്ധേയം.
റാത്തോഡിന്റെ മകൾ
ഇന്ത്യയിൽ പോളോ പ്രചാരത്തിലെത്തിച്ച കേണൽ വിക്രം സിംഗ് റാത്തോഡിന്റെ മകളാണ് ദിവ്യാകൃതി സിംഗ്. രാജസ്ഥാനിലെ പോളോയുടെ തലതൊട്ടപ്പനായാണു വിക്രം റാത്തോഡ് അറിയപ്പെടുന്നത്. ആറാം വയസിൽ അശ്വാഭ്യാസം ആരംഭിച്ചവളാണ് മധ്യപ്രദേശുകാരിയായ സുദിപ്തി.
അശ്വാഭ്യാസം പഠിക്കാനായി 17-ാം വയയിൽ ജർമനിക്കു വിമാനം കയറിയവനാണ് അനുഷ് അഗർവാല എന്ന കോൽക്കത്ത സ്വദേശി. ആറാം വയസിൽ കുതിരപ്പുറത്തുകയറിയവനാണ് മുംബൈ സ്വദേശിയായ ഹൃദയ് വിപുൽ ഛേദ്ദ. കഴിഞ്ഞ 10 വർഷമായി യൂറോപ്പിൽ അശ്വാഭ്യാസപഠനത്തിലാണ് ഹൃദയ് വിപുൽ ഛേദ്ദ.