മധുരമഞ്ഞ; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്പ്പന് വിജയം
Friday, September 22, 2023 1:41 AM IST
കൊച്ചി: കനത്ത മഴയിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പത്താം സീസണിൽ മിന്നും പ്രകടനത്തോടെ ബംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനേറ്റ മുറിവിനു ചെറിയ പകരം വീട്ടലായി ഇന്നലത്തെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകളും പിറന്നത്. 52-ാം മിനിറ്റിൽ ബംഗളൂരുവിന്റെ വീൻഡ്രോപ്പിന്റെ സെൽഫ് ഗോളിലൂടെയും 68-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കർട്ടിൽ മെയിനിലൂടെ ബംഗളൂരു ആശ്വാസഗോൾ കണ്ടെത്തി.
പൊളിച്ചടുക്കി
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ്സ്കോറർ ദിമിത്രിയോസ് ഡയമെന്റകോസിനു പരിക്കിനെത്തുടർന്ന് ഇന്നലെ ടീമിൽ ഇടംകിട്ടിയില്ല. പുതുതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും ജാപ്പനീസ് താരം ഡയസൂക് സക്കായിയെും മുന്നേറ്റനിരയിൽ അവതരിപ്പിച്ചു.
ലൂണയും മലയാളിതാരം മുഹമ്മദ് എയ്മെനും ജീക്സണ് സിംഗും മധ്യനിരയിൽ അണിനിരന്നു. പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻകിച്ച്, ഐബൻ എന്നിവരായിരുന്നു പ്രതിരോധത്തിൽ. മലയാളിതാരം സച്ചിൻ സുരേഷ് ഗോൾവല കാക്കാനെത്തി.
മറുവശത്ത് അനുഭവസന്പത്ത് ഏറെയുള്ള ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവാണ് ബംഗളൂരുവിനെ നയിച്ചത്. 5-3-2 ശൈലിയിൽ ഇറങ്ങിയ ബംഗളൂരു നാലു പുതുമുഖതാരങ്ങളെ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസൽ കാർണെയ്റോയും ബംഗളൂരുവിന്റെ ആദ്യ ഇലവനിൽ ഇറങ്ങി. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ശിവശക്തിയെയും റയാൻ വില്യംസിനെയും കോച്ച് ഗ്രെയ്സണ് മുന്നിൽനിർത്തി.
മധ്യനിരയിൽ രോഹിത് കുമാർ, കെസിയ വീൻഡോർപ്, സുരേഷ് സിംഗ് എന്നിവർ. അലക്സാണ്ടർ ജോവനോവിച്ചിനും സ്ലാവ്കോ ഡാംജനോവിച്ചിനുമൊപ്പം ജെസെൽ കാർണെയ്റോ, നംഗ്യാൽ ഭൂട്ടിയ, റോഷൻ സിംഗ് എന്നിവർ പ്രതിരോധത്തിൽ അണിനിരന്നു. മധ്യനിരയിലെ സൂപ്പർതാരം ഹവിയർ ഹെർണാണ്ടസിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി.
മുന്നേറ്റത്തുടക്കം
കനത്ത മഴയിൽ തുടങ്ങിയ മത്സരത്തിന്റെ ആദ്യമുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്റേ തായിരുന്നു. ആദ്യ മിനിറ്റിൽത്തന്നെ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചു. എന്നാൽ ക്യാപ്റ്റൻ ലൂണയെടുത്ത കിക്ക് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഒന്പതാം മിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി കോർണർ കിക്ക് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീട് ബംഗളൂരു കളംപിടിച്ചു തുടങ്ങി. കൃത്യമായ പാസിംഗ് ഗെയിമിലൂടെ അവർ കളി മെനഞ്ഞു. മുന്നേറ്റനിരതാരം ശിവശക്തിക്ക് പന്ത് എത്തിക്കുന്നതിൽ പരാജയപ്പെട്ടത്് ആദ്യമിനിറ്റുകളിൽ ബംഗളൂരുവിന് തിരിച്ചടിയായി. 26-ാം മിനിറ്റിൽ സക്കായിയുടെ മുന്നേറ്റം ബംഗളൂരുവിന്റെ ജെസൽ ഫൗളിലൂടെ തടഞ്ഞിട്ടതിനെ തുടർന്ന് മഞ്ഞക്കാർഡ് ലഭിച്ചു. പെനാൽറ്റിക്കായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഫ്രീകിക്കെടുത്ത മിലോസ് ഡ്രിൻകിച്ചിനു പന്ത് സകായിലേക്കെത്തിക്കാൻ സാധിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല.
27-ാം മിനിറ്റിൽ ബോക്സിന്റെ മധ്യഭാഗത്തുനിന്നും മിലോസ് ഡ്രിൻകിച്ച് ഹെഡറിലൂടെ നടത്തിയ ഗോൾ ശ്രമവും പാഴായി. പിന്നാലെ ബംഗളൂരുവിന്റെ മുന്നേറ്റം. ബോക്സിന് അൽപ്പം അകലെനിന്ന് റോഷന്റെ കിക്ക് ഏറെ പണിപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ തട്ടിയകറ്റിയത്. 33-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ സഹായത്തോടെ ബോക്സിനു പുറത്തുനിന്ന് സകായി തൊടുത്ത ഷോട്ട് ബംഗളൂരു ഗോളി തട്ടിയകറ്റി. 41-ാം മിനിറ്റിലും ബ്ലാസ്റ്റേഴ്സിന് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇരു ടീമുകൾക്കും നേട്ടങ്ങളൊന്നുമില്ലാതെ ഒന്നാം പകുതി അവസാനിച്ചു.
ജയിക്കാനുറച്ച്
രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബംഗളൂരു ബോക്സിലേക്കു തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തി. ആദ്യ അഞ്ചു മിനിറ്റിനിടെ രണ്ടവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. തൊട്ടുപിന്നാലെ പെപ്രയുടെ ഷോട്ട് ബംഗളൂരു ഗോളി ഗുർപ്രീത് സിംഗ് ക്രോസ് ബാറിനു മുകളിലൂടെ കോർണർ വഴങ്ങി കുത്തി പുറത്തേക്കിട്ടു.
ഈ കോർണറിൽനിന്ന് നിറഞ്ഞുനിന്ന ഗാലറിയെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. ലൂണ എടുത്ത കിക്ക് ബോക്സിൽ പറന്നിറങ്ങിയത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ബംഗളൂരു താരം കെസിയ വീൻഡോർഫിന്റെ കാലിൽത്തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.
65-ാം മിനിറ്റിൽ ബംഗളൂരു മുന്നേറ്റത്തിൽ ബ്ലാസ്റ്റേഴ്സ് വിറച്ചെങ്കിലും സച്ചിൻ സുരേഷിന്റെയും ജീക്സണ് സിംഗിന്റെയും കരുത്തിൽ വലകുലുങ്ങാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. 69-ാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകന്പനം കൊള്ളിച്ച്് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. ഗുർപ്രീത് സിംഗിന്റെ പിഴവിൽനിന്ന് അഡ്രിയാൻ ലൂണയാണ് അനായാസം ബംഗളൂരുവിന്റെ വല കുലുക്കിയത്. ജെസൽ ബാക്പാസിലൂടെ നൽകിയ പന്ത് ഗുർപ്രീത് സിംഗിന് നിയന്ത്രിക്കാനാവാതെ വന്നതോടെ പാഞ്ഞടുത്ത ലൂണ ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് തട്ടിക്കയറ്റുകയായിരുന്നു.
ഏകപക്ഷീയ വിജയം ബ്ലാസ്റ്റേഴ്സ് നേടുമെന്നു കരുതിയടത്തുനിന്ന് ബംഗളൂരു ഒരു ഗോൾ മടക്കി. പകരക്കാരനായി ഇറങ്ങിയ ഇംഗ്ലീഷ് താരം കർട്ടിസ് മെയ്നാണ് 88-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്ത് ബംഗളൂരുവിന്റെ ആശ്വാസഗോൾ നേടിയത്. പിന്നീട് ഒരു പിഴവിനു വഴിയൊരുക്കാതെ സമയം ചെലവഴിച്ച് ബ്ലാസ്റ്റേഴ്സ് കളിപിടിച്ചു. അവസാന സെക്കൻഡിൽ അവർ നടത്തിയ നീക്കം സച്ചിൻ സുരേഷ് കുത്തിയകറ്റിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ജയം പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് ജംഷഡ്പൂരിനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വി.ആർ. ശ്രീജിത്ത്