എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ
Friday, June 2, 2023 11:40 PM IST
ലണ്ടൻ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ പോരാട്ടമായ എഫ്എ കപ്പിൽ ഇന്നു മാഞ്ചസ്റ്റർ ഡെർബി ഫൈനൽ. എഫ്എ കപ്പിന്റെ 152 വർഷ ചരിത്രത്തിൽ ആദ്യമായാണു മാഞ്ചസ്റ്റർ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ ഇറങ്ങുന്ന ഫൈനൽ അരങ്ങേറുന്നത് എന്നതാണു ശ്രദ്ധേയം.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30നാണ് കിക്കോഫ്. മാഞ്ചസ്റ്റർ ടീമുകൾ തമ്മിലുള്ള ആദ്യ കിരീടപോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത് എന്നതും മറ്റൊരു സവിശേഷതയാണ്.
03: ട്രിപ്പിളിനു സിറ്റി
2022-23 സീസണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, ട്രിപ്പിൾ കിരീടത്തിനായുള്ള തയാറെടുപ്പിലാണ്. ഇന്ന് എഫ്എ കപ്പ് സ്വന്തമാക്കിയാൽ അടുത്ത ഞായറാഴ്ച രാത്രി 12.30ന് അരങ്ങേറുന്ന യുവേഫ ചാന്പ്യൻസ് ലീഗ്കൂടി കരസ്ഥമാക്കി ട്രിപ്പിൾ കിരീടത്തിലെത്താനുള്ള ശ്രമത്തിലാണു ഗ്വാർഡിയോളയുടെ സംഘം. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ എർലിംഗ് ഹാലണ്ട് ഇക്കാര്യം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം, എറിക് ടെൻ ഹഗ് പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 2022-23 സീസണിലെ രണ്ടാം കിരീടമാണു ലക്ഷ്യംവയ്ക്കുന്നത്. ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം ഈ വർഷം ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും നേർക്കുനേർ ഇറങ്ങുന്നത് ഇതു മൂന്നാം തവണയാണ്. 2011 എഫ്എ കപ്പ് സെമിയിലും കമ്യൂണിറ്റി ഷീൽഡിലുമായിരുന്നു ഇരുടീമും ഇതിനു മുന്പ് വെംബ്ലിയിൽ ഏറ്റുമുട്ടിയത്.
എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുന്നത് ഇതാദ്യം. മാഞ്ചസ്റ്റർ സിറ്റിയുടെ 12-ാം എഫ്എ കപ്പ് ഫൈനലാണിത്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 21-ാമത്തേതും. സിറ്റി ആറു തവണ എഫ്എ ചാന്പ്യന്മാരായിട്ടുണ്ട്, യുണൈറ്റഡ് 12 തവണയും കിരീടത്തിൽ മുത്തമിട്ടു.