അടുത്ത സീസണിലും കളിക്കുമെന്ന സൂചനയുമായി എം.എസ്. ധോണി
Wednesday, May 31, 2023 12:44 AM IST
അഹമ്മദാബാദ്: അടുത്ത സീസണിലും ഐപിഎൽ കളിച്ചേക്കുമെന്നു സൂചന നൽകി എം.എസ്. ധോണി. ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ചാം ഐപിഎൽ കിരീടം നേടിക്കൊടുത്തശേഷം ഹർഷ ഭോഗ്ലെയുമായി സംസാരിക്കവേയാണു ധോണിയുടെ പ്രതികരണം. ശരീരം അനുവദിക്കുമെങ്കിൽ ഇനിയും കളിക്കുമെന്നും ആരാധകരിൽനിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്പോൾ കളി അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും ധോണി പറഞ്ഞു.
സാഹചര്യം നോക്കിയാൽ ഇതാണു വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം; എല്ലാവരോടും ‘നന്ദി’ പറഞ്ഞ് അവസാനിപ്പിക്കാം. എന്നാൽ, ഒന്‍പതു മാസത്തോളം കഠിനാധ്വാനം ചെയ്തു തിരികെവന്ന് ഒരു സീസണ്‍കൂടി കളിക്കുകയെന്നത് എന്നെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, ഞാൻ ശ്രമിക്കും. ആരാധകർ നൽകിയ സ്നേഹത്തിന് അതെങ്കിലും തിരിച്ചുനൽകണം. പക്ഷേ, ഇക്കാര്യം എന്റെ ശാരീരികക്ഷമതയെക്കൂടി ആശ്രയിച്ചിരിക്കും. തീരുമാനമെടുക്കാൻ 6-7 മാസം കൂടിയുണ്ട്- ധോണി പറഞ്ഞു.
കരിയറിലെ അവസാന ഘട്ടത്തിലൂടെയാണു ഞാൻ ഇപ്പോൾ കടന്നുപോകുന്നത്. എല്ലാം തുടങ്ങിയത് ഇവിടെനിന്നാണ്. അതുകൊണ്ടുതന്നെ ആരാധകർ നൽകിയ സ്നേഹവും പിന്തുണയും കണ്ടപ്പോഴും സ്റ്റേഡിയം മുഴുവൻ എന്റെ പേര് ഉറക്കെ വിളിച്ചപ്പോഴും എന്റെ കണ്ണു നിറഞ്ഞിരുന്നു. കരിയറിലെ അവസാന നിമിഷങ്ങളാണിത്. ഇത് ആസ്വദിക്കുകയാണു വേണ്ടതെന്നു പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. ചെന്നൈയിൽ അവസാന മത്സരം കളിച്ചപ്പോഴും അങ്ങനെതന്നെയായിരുന്നു- ധോണി കൂട്ടിച്ചേർത്തു.
ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്കു നയിച്ച മഹേന്ദ്ര സിംഗ് ധോണി, ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന നായകനെന്ന മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയുടെ നേട്ടത്തിനൊപ്പമെത്തിയിരുന്നു.
കലാശപ്പോരിൽ ഗോൾഡൻ ഡക്കായി മടങ്ങിയ ധോണി, സീസണിലെ എട്ട് ഇന്നിംഗ്സുകളിൽനിന്ന് 182.46 സ്ട്രൈക്ക് റേറ്റിൽ 104 റണ്‍സ് സ്വന്തമാക്കി. അടുത്ത സീസണ് ഐപിഎൽ നടക്കുന്പോൾ 43 വയസിലേക്കു കയറുന്ന ധോണി, ഒരിക്കൽക്കൂടി ചെന്നൈക്കുവേണ്ടി കളിക്കുമോ എന്നുറപ്പിച്ചു പറയാനാകില്ല.
റിക്കാർഡുകൾ
സെഞ്ചുറികളുടെ എണ്ണം. 12 സെഞ്ചുറികളാണ് ഈ ഐപിഎൽ സീസണിൽ പിറന്നത്. പിന്നിലായത് 2022ലെ എട്ടു സെഞ്ചുറികളുടെ റിക്കാർഡ്. മൂന്നു സെഞ്ചുറിയുമായി ശുഭ്മൻ ഗില്ലാണു മുന്നിൽ.
സീസണിൽ പിറന്നത് 153 അർധസെഞ്ചുറികൾ. കഴിഞ്ഞ സീസണിലെ 118 അർധസെഞ്ചുറികളുടെ റിക്കാർഡ് ഇനി പഴങ്കഥ. ഫഫ് ഡുപ്ലെസി (8) യാണ് ഒന്നാമത്.
സീസണിൽ ടീമുകൾ 200 റണ്‍സിനുമേൽ സ്കോർ ചെയ്തത് 37 തവണ. ഇത് ഐപിഎല്ലിലെ സർവകാല റിക്കാർഡാണ്. 2022ൽ 18 തവണ മാത്രമാണു ടീമുകൾ 200 റണ്‍സിലധികം സ്കോർ ചെയ്തത്.
എട്ടു തവണ ടീമുകൾ 200 റണ്‍സിലധികം പിന്തുടർന്നു ജയിച്ചു. 2014ൽ മൂന്നുവട്ടം 200 റണ്‍സിലധികം പിന്തുടർന്നു ജയിച്ചത് ഇനി പഴങ്കഥ.
സീസണിൽ ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് ശരാശരി 183 റണ്‍സ്. 172 റണ്‍സായിരുന്നു മുന്‍പത്തെ ഏറ്റവുമുയർന്ന ശരാശരി.