അധികവില ഈടാക്കി; ആമസോൺ 15,000 രൂപ നഷ്ടപരിഹാരം നല്‍കണം
Wednesday, March 5, 2025 1:19 AM IST
കൊച്ചി : ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയ ഇകൊമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്സാണ്ടര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബല്‍ ഓണ്‍ലൈനില്‍ പരാതിക്കാരന് ഓര്‍ഡര്‍ ചെയ്തു.
എന്നാല്‍ ഉല്പന്നം വാങ്ങിയപ്പോള്‍ 450 രൂപ നല്കാന് നിര്‍ബന്ധിതനായി. 100 നോട്ടറി ലേബലിന് 98 രൂപയാണു നല്‍കേണ്ടതെന്ന് പിന്നീട് പരാതിക്കാരനു ബോധ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കി കബളിപ്പിക്കുകയാണ് എതിര്‍കക്ഷി ചെയ്തതെന്ന് ബോധ്യമായപ്പോഴാണ് പരാതിക്കാരനായ അഭിഭാഷകന് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഡിസ്കൗണ്ട് നിരക്ക് പരസ്യം ചെയ്ത് പിന്നീട് അധിക തുക ഈടാക്കി ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത് അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാരനോട് അധികമായി വാങ്ങിയ 352 രൂപ തിരിച്ചു നല്‍കണം. കൂടാതെ 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവ് നല്കി.