ട്രംപിന് മറുപടി: യുഎസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച് ചൈനയും മെക്സിക്കോയും
Tuesday, March 4, 2025 11:45 PM IST
ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയോട് ഏറ്റുമുട്ടാൻ തയാറായി ചൈന. മാർച്ച് 10 മുതൽ യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 10 മുതൽ 15 ശതമാനം വരെ അധിക തീരുവയും പത്തിലധികം കന്പനികൾക്ക് വ്യാപാര, നിക്ഷേപ നിയന്ത്രണവും പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം ചൂടുപിടിച്ചിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെതന്നെ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഉത്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു.
ഇതിനുശേഷം മാർച്ച് മൂന്നിന് നേരത്തേ ചുമത്തിയതിനു പുറമേ 10 ശതമാനം കൂടി ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനമെടുത്തു. ഇതിനു മറുപടിയെന്നോണമാണ് ചൈന അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്ക് തീരുവ പ്രഖ്യാപിച്ചത്.
ചിക്കൻ, ഗോതന്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെയുള്ള പ്രധാന അമേരിക്കൻ കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 15% അധിക തീരുവയും സോയാബീൻ, പന്നിയിറച്ചി, ബീഫ്, സമുദ്രവിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ എന്നിവയ്ക്ക് 10% തീരുവയുമായാണ് വർധനവ്.
അമേരിക്കൻ കാർഷിക ഉത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് ചൈന. എന്നാൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഇറക്കുമതി കുറഞ്ഞെങ്കിലും പിന്നീട് ഇത് പഴയ സ്ഥിതിയിലായി.
2022 സാന്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള അമേരിക്കൻ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി 33.8 ബില്യണ്‍ ഡോളറും 2023ൽ 36.4 ബില്യണ്‍ ഡോളറുമായിരുന്നു.
അതിനിടെ 15 അമേരിക്കൻ കന്പനികളെ ചൈനീസ് ഭരണകൂടം വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ ചേർത്തു. ഇതോടെ ഈ സ്ഥാപനങ്ങൾക്ക് കയറ്റുമതി-ഇറക്കുമതി ഇടപാടുകൾ നടത്താൻ കഴിയില്ല. പുതിയ നിക്ഷേപം നടത്തുന്നതിനും തടസമുണ്ടാകും. പ്രതിരോധ കന്പനികളാണ് ഇതിലേറെയും.
ഈ കന്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചൈനയിൽ സന്ദർശനം നടത്തുന്നതിനും താമസിക്കുന്നതിനുമുള്ള അനുമതികളും റദ്ദാക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം മെക്സിക്കോയുടെ ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം തന്റെ സർക്കാർ അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധികതാരിഫുകൾ ചുമത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിൽ മെക്സിക്കോയുടെ സഹകരണമുണ്ടായിട്ടും അമേരിക്കയുടെ നീക്കത്തെ അവർ വിമർശിച്ചു.