പുകയില ഉത്പന്നങ്ങളുടെ വില ഉയർന്നേക്കും
Thursday, February 20, 2025 11:06 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾക്ക് നഷ്ടപരിഹാര സെസ് ഈടാക്കുന്നത് നിർത്തിയതിനു ശേഷം ചരക്ക് സേവന നികുതി (ജിഎസ്ടി) വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു.
സിഗരറ്റും പാൻ മസാലയും ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ ഗവണ്മെന്റ് നികുതി പിരിവിലേക്ക് ഗണ്യമായ സംഭാവനയാണ് നൽകുന്നത്.
2022-23 കാലയളവിൽ പുകയില ഉത്പന്നങ്ങൾ നൽകിയ വരുമാനം 72,788 കോടി രൂപയാണ്.
നിലവിൽ, പുകയില ഉത്പന്നങ്ങൾക്ക് 28 ശതമാന ജിഎസ്ടിയാണുള്ളത്. കൂടാതെ സെസും അധിക നികുതികളുമായി മൊത്തം പരോക്ഷ നികുതി 53 ശതമാനമാണ്. പരിഗണനയിലുള്ള ഒരു നിർദേശത്തിൽ ജിഎസ്ടി 40 ശതമാനമായി ഉയർത്തുന്നതും അനുവദനീയമായ പരമാവധി നിരക്കും കൂടാതെ ഒരു അധിക എക്സൈസ് ഡ്യൂട്ടിയും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2026 മാർച്ച് 31-ന് നഷ്ടപരിഹാര സെസ് അവസാനിച്ചതിന് ശേഷവും ഈ ഉത്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം നിലനിർത്തുക എന്നതാണ് ലക്ഷ്യം. നഷ്ടപരിഹാര സെസിന് പകരം മറ്റൊരു സെസ് ഏർപ്പെടുത്തുന്നത് അഭികാമ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
2026ന് ശേഷമുള്ള നഷ്ടപരിഹാര സെസ് സാഹചര്യം പരിശോധിക്കാൻ ജിഎസ്ടി കൗണ്‍സിൽ നിയോഗിച്ച മന്ത്രിതല സംഘം ഈ നിർദേശങ്ങൾ വിശകലനം ചെയ്യും.
ആരോഗ്യത്തിന് ഹാനികരമായ പുകയില ഉത്പന്നങ്ങൾക്ക് നിലവിൽ നഷ്ടപരിഹാര സെസ്, അടിസ്ഥാന എക്സൈസ് തീരുവ, ദേശീയ ദുരന്ത കണ്ടിൻജന്റ് ഡ്യൂട്ടി, 28 ശതമാനം ജിഎസ്ടി എന്നിവയാണുള്ളത്.
നിലവിലെ 53% സംയോജിത നികുതി ലോകാരോഗ്യ സംഘടനയുടെ ശിപാർശ നിരക്കായ 75% ത്തേക്കാൾ വളരെ കുറവാണ്.
നഷ്ടപരിഹാര സെസിന് പകരം ആരോഗ്യ സെസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലിരിക്കേ, പുതിയ സെസ് ഘടന അവതരിപ്പിക്കുന്നതിൽ പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും മടിച്ചുനിൽക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.