എംഎസ്എംഇ ശക്തീകരണത്തില്‍ കേരളം മാതൃക: കേന്ദ്രമന്ത്രി
Sunday, January 12, 2025 12:39 AM IST
കൊച്ചി: എംഎസ്എംഇ മേഖലയില്‍ കേരളം മാതൃകയാണെന്ന് കേന്ദ്രമന്ത്രി ജിതിന് റാം മാഞ്ചി. കേരളത്തില്‍ വ്യവസായ വികസനത്തിന് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പുവരുത്തും.
എംഎസ്എംഇ മേഖല ശക്തമായ കേരളത്തില്‍ ഈ മേഖലയുടെ വികസനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി.
കേരളത്തിലെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നതിനും കയര്‍ ബോര്‍ഡ്, എംഎസ്എംഇ, ഖാദി ബോര്‍ഡ് എന്നിവയുടെ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിനും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് മന്ത്രി കൊച്ചിയിലെത്തിയത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഇന്നലെ വൈകുന്നേരം മന്ത്രി ഡല്‍ഹിക്കു തിരിച്ചു.
കൊച്ചിയിലെത്തിയ മന്ത്രിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സിബി ജോര്‍ജ്, അഖിലേന്ത്യാ സെക്രട്ടറി റെസ്ലി മങ്കാശേരി, സൗത്ത് ഇന്ത്യന്‍ കോ-ഓർഡിനേറ്റര്‍ വിനോദ്, ആന്ധ്ര സ്റ്റേറ്റ് പ്രസിഡന്റ് രാജു എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്കു സ്വീകരണം നല്‍കിയത്.