ക്രൂഡ് ഓയിൽ വില ഉയരുന്നു
Saturday, January 11, 2025 12:56 AM IST
മുംബൈ: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നു. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും ക്രൂഡ് ഓയിൽവില ഉയരത്തിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 79.15 ഡോളർ കടന്ന് കുതിക്കുകയാണ്.
റഷ്യക്കും ഇറാനുമെതിരേ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന ആശങ്കയ്ക്കിടെയാണ് വില കുതിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 2.66 ഡോളർ ഉയർന്ന് ബാരലിന് 79.58 ഡോളറിലെത്തി. കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ഫ്യൂച്ചേഴ്സ് 2.64 ഡോളറായി ഉയർന്ന് ബാരലിന് 76.56 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡും ഡബ്ല്യുടിഐയും ഇന്നലെ മൂന്നു ശതമാനത്തിലേറെയാണ് ഉയർന്നത്. ജനുവരി 10 വരെയുള്ള മൂന്നാഴ്ചകളിൽ ബ്രെന്റ് ഒന്പതു ശതമാനവും ഡബ്ല്യുടിഐ പത്ത് ശതമാനവുമാണ് ഉയർന്നത്.
യൂറോപ്പിലും യുഎസിന്റെ ചില ഭാഗങ്ങളിലും കഴിഞ്ഞ രണ്ട് ശൈത്യകാലത്തേക്കാൾ തണുത്ത കാലാവസ്ഥയായതിനാൽ ചൂടാക്കൽ ആവശ്യത്തിന് കൂടുതലായി എണ്ണയെ ആശ്രയിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇത് അസംസ്കൃത എണ്ണ വില ഉയർത്തുന്നതിന് ഇടയാക്കുന്നുണ്ട്.
റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം കുറഞ്ഞതും എണ്ണവില കൂടാൻ കാരണമാകുന്നുണ്ട്.
യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണം ഏൽക്കുന്നതിനു മുന്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യക്കും ഇറാനുമെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. എണ്ണശേഖരം കുറഞ്ഞിരിക്കുന്നതിനിടെയും ഈ രാജ്യങ്ങൾക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക അസംസ്കൃത എണ്ണ വില ഉയർത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ബൈഡൻ റഷ്യയുടെ സന്പദ്്വ്യവസ്ഥയെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതുവരെയുള്ള ഉപരോധങ്ങളുടെ പ്രധാന ലക്ഷ്യം റഷ്യയുടെ എണ്ണ വ്യവസായമായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയതാണ് റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണവിതരണത്തെ ബാധിച്ചത്.
ക്രൂഡ് ഓയിൽ എണ്ണ വില ഉയരുന്നത് ഇന്ത്യയിൽ ഇന്ധനവിലയെ സ്വാധീനിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
രൂപയുടെ ഇടിവ് തുടരുന്നു
അമേരിക്കൻ ഡോളറിനെതിരേ രൂപ 85.97 എന്ന സർവകാല നഷ്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഈ ആഴ്ചയിൽ തുടർച്ചയായ മൂന്നാം ദിനമാണ് രൂപ നഷ്ടത്തിലാകുന്നത്. ഇതിന് പുറമേയാണ് എണ്ണവില വർധനയും രൂപയെ സ്വാധീനിക്കുന്നത്.
കഴിഞ്ഞ ദിവസം നാലുപൈസയുടെ നേട്ടത്തോടെ 85.86 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ബ്രെന്റ് ക്രൂഡ് വില ഉയർന്നതോടെ ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന്റെ ആവശ്യം ഉയർന്നിരിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിക്കുന്നത്.
രൂപയ്ക്കൊപ്പം ഓഹരി വിപണികളും തുടർച്ചയായ മൂന്നാം ദിനവും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 241.30 പോയിന്റ് ഇടിഞ്ഞ് 77,378.91 പോയിന്റിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിൽ കയറ്റിറക്കങ്ങൾ ദൃശ്യമായിരുന്നു. ഒരുഘട്ടത്തിൽ 77,099.55ലുമെത്തി. നിഫ്റ്റി 95 പോയിന്റ് നഷ്ടത്തിൽ 23,431.50 പോയിന്റിൽ ക്ലോസ് ചെയ്തു.