ചരിത്രം കുറിച്ച് ഇന്ത്യ-ശ്രീലങ്ക പ്രതിരോധ കരാർ
Sunday, April 6, 2025 2:46 AM IST
കൊളംബോ: ചരിത്രത്തിലാദ്യമായി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സുപ്രധാനമായ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് പ്രതിരോധ-ഊർജ മേഖലകളിൽ ഉൾപ്പെടെ എട്ട് സുപ്രധാന കരാറുകൾ യാഥാർഥ്യമായത്.
ഉഭയകക്ഷിബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വിശദമായ രൂപരേഖ അവതരിപ്പിച്ച പ്രധാനമന്ത്രി മോദി ഇരുരാജ്യങ്ങളുടെയും സുരക്ഷ പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണെന്ന് അഭിപ്രായപ്പെട്ടു. ആഭ്യന്തരകലാപം രൂക്ഷമായിരുന്ന നാലു ദശകങ്ങൾക്കുമുന്പ് ശ്രീലങ്കയിൽ ഇന്ത്യൻ സമാധാനസേന ഇറങ്ങിയശേഷം പ്രതിരോധരംഗത്തെ ഏറ്റവും വലിയ ധാരണയാണിത്.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ മോദി ശ്രീലങ്കൻ പ്രസിഡന്റുമായി നടത്തിയ വിശദമായ ചർച്ചയെത്തുടർന്ന് ഊര്‍ജം, ഇലക്ട്രിക് ഗ്രിഡ് കണക്ടിവിറ്റി, ആരോഗ്യം തുടങ്ങിയ കരാറുകൾക്കും അന്തിമരൂപം നൽകി. 2022ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ ശ്രീലങ്കയെ വീണ്ടെടുക്കാന്‍ സഹായം നൽകുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
ശ്രീലങ്കയിലെ തമിഴ് സമൂഹത്തിന്റെ ആവശ്യങ്ങൾ സഫലമാക്കുന്നതിന് ദിസനായകെ ഭരണകൂടം തയാറാകുമെന്നു പ്രതീക്ഷിക്കുന്നതായി ചർച്ചയിൽ മോദി പറഞ്ഞു. പ്രൊവിൻഷ്യൽ തെരഞ്ഞെടുപ്പിനും തയാറാകുമെന്നാണു പ്രതീക്ഷ-കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രീലങ്കയിലെ വടക്കൻ മേഖലയിലെയും കിഴക്കൻ മേഖലയിലെയും തമിഴ്നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തമിഴ്സമൂഹത്തിന്റെ ഉന്നതിക്കായുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും എന്‍ടിപിസിയും ചേര്‍ന്നു സാംപുരില് നിര്‍മിക്കുന്ന 135 മെഗാവാട്ട് സൗരോര്‍ജ നിലയത്തിന്റെ തറക്കല്ലിടല്‍ മോദിയും ദിസനായകെയും ഓൺലൈനായി നിർവഹിച്ചു.
ഇന്ത്യക്കു ഭീഷണിയുയർത്താൻ ശ്രീലങ്കയുടെ ഒരു മേഖലയിലും സൗകര്യമൊരുക്കില്ലെന്ന് ചർച്ചകൾക്കുശേഷം ദിസനായകെ പറഞ്ഞു. ശ്രീലങ്കയിൽ മുൻ ഭരണകൂടങ്ങളുടെ ചൈന അനുകൂല നിലപാടിൽനിന്നു വ്യതിചലിച്ചാണ് ദിസനായകെയുടെ നിലപാടുകൾ. ചൈനീസ് സാന്നിധ്യം നേരത്തേ ഇന്ത്യക്കു കനത്ത വെല്ലുവിളിയായിരുന്നു.
ബാങ്കോക്കിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്തശേഷം വെള്ളിയാഴ്ച രാത്രിയാണു പ്രധാനമന്ത്രി മോദി ശ്രീലങ്കയിലെത്തിയത്. ചരിത്രപ്രസിദ്ധമായ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയറിലായിരുന്നു മോദിക്കു സ്വീകരണം.
മോദിക്ക് ‘മിത്ര വിഭൂഷണ’ ബഹുമതി
പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘മിത്ര വിഭൂഷണ’ നൽകി ശ്രീലങ്ക ആദരിച്ചു. ചരിത്രപരവും മതപരവും സാംസ്കാരികവുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇന്ത്യയും ശ്രീലങ്കയുമെന്ന് ബഹുമതി സമ്മാനിച്ചശേഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.