ഭൂകന്പമുണ്ടായിട്ടും ബോംബിംഗ് തുടർന്ന് പട്ടാളഭരണകൂടം
Monday, March 31, 2025 1:08 AM IST
യാങ്കോൺ: രാജ്യം മുഴുവൻ നാശംവിതച്ച ഭൂകന്പമുണ്ടായിട്ടും വിമതർക്കെതിരേ വ്യോമാക്രമണം നിർത്തിവയ്ക്കാൻ മ്യാൻമറിലെ പട്ടാളഭരണകൂടം തയാറായില്ലെന്നു റിപ്പോർട്ട്. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗെയിംഗിനു വടക്കുപടിഞ്ഞാറ് ചാംഗ്-യു പട്ടണത്തിലും വടക്കൻ മേഖലയിലെ ഷാൻ സംസ്ഥാനത്തും വ്യോമാക്രമണം ഉണ്ടായി. ഭൂകന്പമുണ്ടായി മൂന്നു മണിക്കൂറികമായിരുന്നു ഷാൻ സംസ്ഥാനത്തെ ബോംബാക്രമണം.
2021ൽ ഓംഗ് സാൻ സൂചിയുടെ ജനാധിപത്യ ഭരണകൂടത്തെ പുറത്താക്കിയാണ് പട്ടാളം മ്യാൻമറിൽ അധികാരം പിടിച്ചത്. തുടർന്നിങ്ങോട്ട് രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. പല ഭാഗങ്ങളിലും പട്ടാളത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുകഴിഞ്ഞു.
ഇതിനിടെ, പുറത്താക്കപ്പെട്ട ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന നാഷണൽ യൂണിറ്റി സർക്കാർ ഇന്നലെമുതൽ രണ്ടാഴ്ചത്തെ ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനു തടസമുണ്ടാകാതിരിക്കാനായി ഭൂകന്പബാധിത പ്രദേശങ്ങളിലായിരിക്കും വെടിനിർത്തൽ.