വെടിനിർത്താൻ സമ്മതം അറിയിച്ച് ഹമാസ്
Monday, March 31, 2025 1:08 AM IST
കയ്റോ: മധ്യസ്ഥരായ ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുന്നതായി ഗാസയിലെ ഹമാസ് ഭീകരർ. രണ്ടു ദിവസം മുന്പ് മധ്യസ്ഥർ കൈമാറിയ നിർദേശത്തിൽ അനുകൂല പ്രതികരണം അറിയിച്ചതായി വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിക്കുന്ന ഖലീൽ അൽ ഹയ്യാ അറിയിച്ചു.
ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രേലി ബന്ദികളിൽ അഞ്ചുപേരെ വച്ച് ഒരോ ആഴ്ചയും മോചിപ്പിക്കാനുള്ള പദ്ധതിയാണ് ഖത്തറും ഈജിപ്തും മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ലഭിച്ചുവെന്നാണ് സൂചന.
അതേസമയം ഇസ്രയേൽ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ നിർദേശം ഇസ്രയേൽ പരിഗണിച്ചതായി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ, മുന്പ് അമേരിക്ക മുന്നോട്ടുവച്ച മറ്റൊരു വെടിനിർത്തൽ പദ്ധതിക്കനുസൃതമായ നിർദേശം ഇസ്രയേൽ തിരിച്ച് മധ്യസ്ഥരെ അറിയിച്ചുവെന്നും അറിയിപ്പിൽ പറയുന്നു.
അമേരിക്ക മുൻകൈയ്യെടുത്തു നടപ്പാക്കിയ 42 ദിവസത്തെ ഒന്നാംഘട്ട വെടിനിർത്തൽ മാർച്ച് ആദ്യം അവസാനിച്ചിരുന്നു. ഒന്നാംഘട്ട വെടിനിർത്തൽ നീട്ടാനായി അമേരിക്ക വീണ്ടും നിർദേശം മുന്നോട്ടുവച്ചെങ്കിലും ഹമാസ് തള്ളിക്കളഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുന്ന രണ്ടാം ഘട്ട വെടിനിർത്തലിൽ ഉറപ്പുവേണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. ഇതേത്തുടർന്ന് ഇസ്രേലി സേന മാർച്ച് 19ന് ഗാസയിൽ ആക്രമണം പുനരാരംഭിച്ചു.