യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; കുട്ടികളുൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു
Sunday, April 6, 2025 12:41 AM IST
കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ട് കുട്ടികളുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ 17 പേർ ഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ച മധ്യ യുക്രെയ്ൻ നഗരമായ ക്രിവി റിയ്ഹിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണം. വൊളോദിമിർ സെലെൻസ്കിയുടെ ജന്മനാടാണ് ക്രിവി റിയ്ഹ്.
ജനവാസമുള്ള പ്രദേശത്തായിരുന്നു മിസൈൽ ആക്രമണം. കുട്ടികളുടെ കളിസ്ഥലത്തും മിസൈൽ പതിച്ചു. ഇരുപതോളം പാർപ്പിട സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങൾ തകർന്നു.
യുക്രെയ്ൻ സൈന്യത്തിനു നേരേയാണ് ആക്രമണം നടത്തിയതെന്ന് റഷ്യ അവകാശപ്പെട്ടു. പാശ്ചാത്യ സൈനിക സഹായികളും കമാൻഡർമാരും യോഗം ചേർന്ന റസ്റ്ററന്റിന് നേർക്കാണ് മിസൈൽ പ്രയോഗിച്ചത്- റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ആക്രമണത്തിൽ 85 സൈനികരും വിദേശ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായും 20 വാഹനങ്ങൾ നശിപ്പിച്ചതായും റഷ്യൻ സൈന്യം അവകാശപ്പെട്ടു.
പിന്നീട് ക്രിവി റിയ്ഹിൽനടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യൻ സൈന്യം ഒറ്റരാത്രി യുക്രെയ്നിലേക്ക് 92 ഡ്രോണുകളാണ് വിക്ഷേപിച്ചത്. അതിൽ 51 എണ്ണം യുക്രെയ്ൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടു. റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ക്രിവി റിയ്ഹിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നിത്.