നാടുകടത്തൽ തുടർന്ന് ട്രംപ് ഭരണകൂടം
Monday, March 17, 2025 11:38 PM IST
വാഷിംഗ്ടൺ: യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തൽ നടപടികൾ തുടരുന്നു. നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിറക്കിയിട്ടും കഴിഞ്ഞ ദിവസം നൂറുകണക്കിനു കുടിയേറ്റക്കാരെ എൽ സാൽവദോറിലേക്കു നാടു കടത്തി.
യുഎസ് ജില്ലാ ജഡ്ജി ജയിംസ് ഇ. ബോസ്ബർഗ് ആണ് ഇത്തരം നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഈ സമയം എൽ സാൽവദോറിലേക്കും ഹോണ്ടുറാസിലേക്കും കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ട് രണ്ട് വിമാനങ്ങൾ പുറപ്പെട്ടു കഴിഞ്ഞിരുന്നുവെന്ന് അഭിഭാഷകർ അദ്ദേഹത്തെ അറിയിച്ചു. ഈ വിമാനങ്ങൾ തിരിച്ചുവിടണമെന്ന് അദ്ദേഹം വാക്കാൽ ഉത്തരവിട്ടെങ്കിലും ഔദ്യോഗിക ഉത്തരവിൽ ഇക്കാര്യം രേഖപ്പെടുത്തിയില്ല.
ട്രംപ് ഭരണകൂടം കോടതി ഉത്തരവ് പാലിക്കാൻ മടികാട്ടിയില്ലെന്നും ആ തീവ്രവാദികളെ യുഎസിൽനിന്ന് നീക്കം ചെയ്തതിനു ശേഷം പുറത്തുവന്ന ഉത്തരവിന് യാതൊരു നിയമപരമായ അടിത്തറയുമില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.
കോടതി ഉത്തരവ് ലംഘിച്ചോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ട്രംപ് കൃത്യമായ മറുപടി നൽകിയില്ല. തനിക്ക് അതൊന്നുമറിയില്ലെന്നും അതൊക്കെ അഭിഭാഷകരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“യുദ്ധസമയത്ത് പ്രയോഗിക്കേണ്ട പ്രസിഡൻഷ്യൽ അധികാരങ്ങളാണ് ഉപയോഗിച്ചത്. തീർച്ചയായും ഇത് യുദ്ധവേളതന്നെയാണ്. ആ ക്രിമിനൽ കുടിയേറ്റക്കാർ അധിനിവേശമാണ് നമ്മുടെ രാജ്യത്തേക്കു നടത്തിയത്’’-ട്രംപ് കൂട്ടിച്ചേർത്തു.