യുക്രെയ്ൻ: പുടിനുമായി ഇന്ന് സംസാരിക്കുമെന്ന് ട്രംപ്
Monday, March 17, 2025 11:38 PM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇന്നു സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു.
ഭൂമി, ഊർജനിലയങ്ങൾ തുടങ്ങിയവ ചർച്ചാവിഷയമാകുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈയിടെ മോസ്കോ സന്ദർശിച്ചിരുന്നു. യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് യുഎസ്, യുക്രെയ്ൻ പ്രതിനിധികൾ സൗദി അറേബ്യയിൽ ചർച്ച നടത്തിയിരുന്നു.
തുടർന്ന് 30 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാമെന്നു തത്ത്വത്തിൽ ധാരണയായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. യഥാർഥത്തിൽ റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നു യൂറോപ്യൻ യൂണിയൻ വിദേശ നയ അധ്യക്ഷ കാജ കല്ലാസ് കുറ്റപ്പെടുത്തി.
ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. “പന്ത് റഷ്യയുടെ കോർട്ടിലാണ്. അവർ സമാധാനം ആഗ്രഹിക്കുന്നുണ്ടോയെന്നതാണ് വലിയ ചോദ്യം”- കാജ കല്ലാസ് കൂട്ടിച്ചേർത്തു.
യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്തരുതെന്നാണ് യുദ്ധവിരാമത്തിനു റഷ്യ മുന്നോട്ടുവച്ചിരിക്കുന്ന ഏറ്റവും പ്രധാന ഉപാധി. പരമാധികാരം അംഗീകരിക്കണമെന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചുതരണമെന്നും യുക്രെയ്ൻ ആവശ്യപ്പെടുന്നു.
ഇതിനിടെ, യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. കഴിഞ്ഞ രാത്രി 174 ഡ്രോൺ ആക്രമണങ്ങൾ റഷ്യ നടത്തിയെന്ന് യുക്രെയ്ൻ അധികൃതർ അറിയിച്ചു. സുമി മേഖലയിൽ റഷ്യൻ സേന ആക്രമണം കടുപ്പിച്ചു.