സമാധാന ചർച്ചയ്ക്കു സെലൻസ്കി തയാർ: ട്രംപ്
Thursday, March 6, 2025 12:18 AM IST
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു തയാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കത്തിലൂടെ അറിയിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപ്.
യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണു ട്രംപ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്നോളം സമാധാനം ആഗ്രഹിക്കുന്ന മറ്റാരുമില്ലെന്നു കത്തിൽ വ്യക്തമാക്കുന്നതായി ട്രംപ് പറഞ്ഞു.
റഷ്യയുമായി ഗൗരവതരമായ ചർച്ചകൾ നടത്തിയെന്നും ട്രംപ് അറിയിച്ചു. സമാധാനത്തിനു സന്നദ്ധമാണെന്നാണു റഷ്യ അറിയിച്ചത്. ഭ്രാന്തുപിടിച്ച ഈ യുദ്ധവും ആളുകൾ കൊല്ലപ്പെടുന്നതും അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. ചർച്ചയാണ് ഇതിനുള്ള ഏക വഴി. അമേരിക്കയുമായി ധാതുവിഭവ കരാർ ഒപ്പുവയ്ക്കാൻ തയാറാണെന്ന് യുക്രെയ്ൻ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി ട്രംപ് പ്രസംഗത്തിൽ വെളിപ്പെടുത്തിയേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.
ഇതിനിടെ, ട്രംപുമായുള്ള കൂടിക്കാഴ്ച അലസിപ്പിരിഞ്ഞതും തുടർന്ന് യുക്രെയ്നുള്ള സൈനികസഹായം ട്രംപ് നിർത്തിവച്ചതും സെലൻസ്കിക്കും യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾക്കുംമേൽ വലിയ സമ്മർദം സൃഷ്ടിച്ചിരിക്കുന്നതായി റിപ്പോർട്ടുണ്ട്.
ധാതുവിഭവ കരാർ ഒപ്പുവയ്ക്കാൻ തയാറാണെന്നു സെലൻസ്കി കഴിഞ്ഞ ദിവസം പരസ്യമായി വ്യക്തമാക്കിയിരുന്നു. ട്രംപുമായുള്ള ചർച്ചയുടെ പേരിലും സെലൻസ്കി ഖേദം പ്രകടിപ്പിക്കുകയുണ്ടായി.
യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ ഇന്ന് അടിയന്തര ഉച്ചകോടി ചേരുന്നുണ്ട്. യുക്രെയ്ന്റെ പ്രതിരോധ ചെലവുകൾക്കായി 50,000 കോടി യൂറോയുടെ ഫണ്ട് സമാഹരിക്കാനുള്ള നിർദേശം ജർമൻ നേതൃത്വവും 80,000 യൂറോയുടെ പദ്ധതി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്നും മുന്നോട്ടു വച്ചിട്ടുണ്ട്.