നീസ് ബസിലിക്കാ ഭീകരാക്രമണം: ബ്രാഹിമിന് ജീവപര്യന്തം തടവ്
Friday, February 28, 2025 2:42 AM IST
പാരീസ്: നീസ് നഗരത്തിലെ നോത്ര്ദാം ബസിലിക്കയിൽ മൂന്നു പേരെ കുത്തിക്കൊന്ന ടുണീഷ്യൻ പൗരൻ ബ്രാഹിമിന് (25) ഫ്രഞ്ച് കോടതി പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഫ്രാൻസിലെ ഏറ്റവും കടുത്ത ശിക്ഷയാണിത്.
2020 ഒക്ടോബർ 29നു രാവിലെയാണു ഫ്രാൻസിനെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. അര മണിക്കൂർ നീണ്ട ആക്രമണത്തിൽ നദീൻ വിൻസെന്റ് (60), സിമോൺ ബാരെറ്റോ (44), പള്ളിയിലെ കപ്യാർ വിൻസെന്റ് ലാക്വസ് (55) എന്നിവരാണു കൊല്ലപ്പെട്ടത്. ആക്രമണസമയത്ത് ഇയാൾ അറബിയിൽ മുദ്രാവാക്യം വിളിച്ചിരുന്നു.
പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ വെടിവച്ചുവീഴ്ത്തിയാണ് അറസ്റ്റ് ചെയ്തത്. വിചാരണയ്ക്കിടെ ബ്രാഹിം തീവ്രവാദക്കുറ്റങ്ങൾ സമ്മതിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങൾ മുസ്ലിംകളെ കൊല്ലുന്നതിനുള്ള പ്രതികാരമാണു താൻ ചെയ്തതെന്ന് ഇയാൾ പറഞ്ഞു.