ഹോളിവുഡ് നടൻ ജീൻ ഹാക്മാനും ഭാര്യയും മരിച്ച നിലയിൽ
Friday, February 28, 2025 2:42 AM IST
സാൻ ഫ്രാൻസിസ്കോ: രണ്ടു തവണ ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ഹോളിവുഡ് നടൻ ജീൻ ഹാക്മാനെയും (95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയെയും (64) മരിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച ഉച്ചയ്ക്ക് ന്യൂമെക്സിക്കോ സംസ്ഥാനത്തെ സാന്ത ഫേ നഗരത്തിലെ വസതിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല. ഇവരുടെ നായയുടെ ജഡവും അടുത്തുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പുറത്തുനിന്നുള്ള ഇടപെടൽ ഇല്ലെന്നാണു പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.
1930ൽ കലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലാണ് ഹാക്മാൻ ജനിച്ചത്. 16-ാം വയസിൽ പ്രായം മറച്ചുവച്ച് മറീൻ കോറിൽ ചേർന്നു. നാലരവർഷത്തെ സൈനികസേവനത്തിനുശേഷം തിരിച്ചെത്തി ന്യൂയോർക്കിൽ ജേർണലിസം പഠനവും ജോലിയുമായി കഴിയുന്നതിനിടെ അഭിനയമോഹവുമായി കലിഫോർണിയയിൽ തിരിച്ചെത്തുകയായിരുന്നു. വിഖ്യാത നടൻ ഡസ്റ്റിൻ ഹോഫ്മാൻ അടക്കമുള്ളവരുമായി സൗഹൃദമുണ്ടാക്കിയ ഹാക്മാൻ ആറു പതിറ്റാണ്ടു നീണ്ട അഭിനയജീവിതത്തിനിടെ നൂറോളം വേഷങ്ങൾ അവതരിപ്പിച്ചു.
1971ൽ പുറത്തിറങ്ങിയ ‘ദ ഫ്രഞ്ച് കണക്ഷൻ’ എന്ന ത്രില്ലർ സിനിമയിലെ ജിമ്മി ഡോയൽ (പോപ്പോയ് ) എന്ന ഡിറ്റക്റ്റീവ് വേഷത്തിന് മികച്ച നടനുള്ള ഓസ്കർ ലഭിച്ചു. 1992ൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ ‘അൺഫോർഗിവൻ’ എന്ന ചിത്രത്തിലെ ലിറ്റിൽ ബിൽ ഡാഗറ്റ് എന്ന ഷെരീഫിന്റെ വേഷത്തിന് മികച്ച സഹനടനുള്ള ഓസ്കറും ലഭിച്ചു. രണ്ട് ബാഫ്റ്റ, നാലു ഗോൾഡൻ ഗ്ലോബ് അവാർഡുകളും നേടിയിട്ടുണ്ട്.
ക്രിസ്റ്റഫർ റീവിന്റെ സൂപ്പർമാൻ ചിത്രങ്ങളിലെ സൂപ്പർ വില്ലനായ ലെക്സ് ലൂഥറിനെ അവതരിപ്പിച്ചത് ഹാക്മാനായിരുന്നു. അൽപാച്ചിനോ പോലുള്ള മുൻനിര നടന്മാരുടെ വില്ലനായും തിളങ്ങിയിട്ടുണ്ട്. 2004 മുതൽ അഭിനയത്തിൽനിന്ന് പിന്മാറിയിരുന്നു.
രണ്ടു തവണ വിവാഹിതനായ ഹാക്മാന് മൂന്നു കുട്ടികളുണ്ട്. 1991ലായിരുന്നു ബെറ്റ്സി അരക്കാവയുമായുള്ള വിവാഹം.