നാലു മൃതദേഹങ്ങൾ ഹമാസ് കൈമാറി ;620 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു
Friday, February 28, 2025 2:42 AM IST
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരർ നാല് ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിനു പകരമായി ഇസ്രേലി ജയിലുകളിൽനിന്ന് 620 പലസ്തീൻ തടവുകാർ മോചിതരായി.
ഇതോടെ ജനുവരി 19ന് ആരംഭിച്ച ഒന്നാംഘട്ട വെടിനിർത്തലിൽ ഇരുപക്ഷവും പാലിക്കേണ്ട നിബന്ധനകൾ പൂർത്തിയായി. രണ്ടാംഘട്ട വെടിനിർത്തലിനു ചർച്ചയാരംഭിക്കാൻ തയാറാണെന്നു ഹമാസ് ഇന്നലെ അറിയിച്ചു.
ഷ്ലോമോ മൻസൂർ (86), ഒഹാദ് യഹലോമി (50), സാച്ചി ഇദാൻ (50), ഇറ്റ്സിക് എൽഗരാത്ത് (69) എന്നിവരുടെ മൃതദേഹങ്ങളാണു ഹമാസ് ഭീകരർ ബുധനാഴ്ച രാത്രി റെഡ് ക്രോസിനു കൈമാറിയത്. ആയുധധാരികളായ ഭീകരർ ജനക്കൂട്ടത്തിനു മുന്നിലെ വേദിയിൽ മൃതദേഹങ്ങൾ പ്രദർശിപ്പിക്കുന്ന പതിവ് ഒഴിവാക്കി.
ഇസ്രയേലിലെത്തിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ ഈ പേരുകാരുടേതുതന്നെയെന്നു സ്ഥിരീകരിച്ചു. അതേസമയം, ഇതിൽ മൂന്നു പേരെ ഭീകരർ കസ്റ്റഡിയിൽ വധിക്കുകയായിരുന്നുവെന്ന് ഇസ്രയേൽ ആരോപിച്ചു. ഒരാൾ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതാണ്. ആരോപണത്തോടു ഹമാസ് പ്രതികരിച്ചിട്ടില്ല.
620 പലസ്തീൻ തടവുകാരാണ് ഇന്നലെ ഇസ്രേലി ജയിലുകളിൽനിന്നു മോചിതരായത്. കഴിഞ്ഞ ശനിയാഴ്ച ഹമാസ് ആറു ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിനു പകരമായി ഇസ്രയേൽ ഇവരെ മോചിപ്പിക്കേണ്ടതായിരുന്നു.
എന്നാൽ, ബന്ദികളെ ജനക്കൂട്ടത്തിനു മുന്നിൽ പ്രർശിപ്പിച്ചു നാണംകെടുത്തുന്ന ചടങ്ങ് ഒഴിവാക്കാതെ ഇവരെ മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ നിലപാടെടുത്തു. ഇതേത്തുടർന്ന് ഈജ്പിത് നടത്തിയ മധ്യസ്ഥചർച്ചകളിലാണു പ്രശ്നം പരിഹരിക്കപ്പെട്ടത്.
മാർച്ച് ഒന്നിനാണ് ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിക്കുന്നത്. യുദ്ധം എന്നെന്നേക്കുമായി നിർത്തുന്ന രണ്ടാംഘട്ട വെടിനിർത്തലിന് ഇതുവരെ ചർച്ച തുടങ്ങിയിട്ടില്ല. 54 ഇസ്രേലികൾകൂടി ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. ഇതിൽ പാതിയോളം പേർ മരണപ്പെട്ടിരിക്കാമെന്നു കരുതുന്നു.