ശ്വാസതടസമില്ല; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
Friday, February 28, 2025 2:42 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്നു വത്തിക്കാന്‍. ബുധനാഴ്ച രാത്രിയിൽ മാർപാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച രാത്രിയിൽ വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. നേരത്തെ വൃക്കകള്‍ക്കുണ്ടായ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്കാന്‍ പരിശോധനാഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ വ്യക്തമാക്കി.
രണ്ടുദിവസം മുന്‍പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാൽ, ഓക്സിജൻ നൽകുന്നതും ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി നൽകുന്നതും തുടരുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി.