ഫ്രാൻസിസ് മാർപാപ്പയുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളി കർദിനാൾ പരോളിൻ
Sunday, February 23, 2025 1:00 AM IST
വത്തിക്കാൻ സിറ്റി: അനാരോഗ്യത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾ തള്ളി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീയെത്രൊ പരോളിൻ.
മാർപാപ്പയുടെ സൗഖ്യവും വത്തിക്കാനിലേക്കുള്ള തിരിച്ചുവരവുമാണ് ഇപ്പോൾ പ്രധാനപ്പെട്ട കാര്യമെന്ന് ഇറ്റലിയിലെ "കൊറിയേരെ ദെല്ല സേര' എന്ന ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള വ്യാജവാർത്തകൾക്കു പുറത്തു നിൽക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇത്തരം വാർത്തകളും അസ്ഥാനത്തുള്ളതും കടിഞ്ഞാണില്ലാത്തതുമായ ചില പ്രസ്താവനകളും ഒരു പരിധിവരെ സാധാരണമാണെന്നും കർദിനാൾ പരോളിൻ വ്യക്തമാക്കി.
ഇപ്പോൾ ജെമേല്ലി ആശുപത്രിയിൽനിന്നു വരുന്ന വാർത്തകൾ ആശ്വാസം നൽകുന്നതാണ്. മാർപാപ്പ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.
വത്തിക്കാനിൽനിന്ന് ഔദ്യോഗിക രേഖകളും മറ്റും മാർപാപ്പയ്ക്ക് ആശുപത്രിയിലേക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. ഇതു സൂചിപ്പിക്കുന്നത് കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്നാണ് - കർദിനാൾ പരോളിൻ പറഞ്ഞു.
അനാരോഗ്യത്തെത്തുടർന്ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതുപോലെ ഫ്രാൻസിസ് മാർപാപ്പയും സ്ഥാനത്യാഗത്തിന് ഒരുങ്ങുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.