മാർപാപ്പയ്ക്കുവേണ്ടി വത്തിക്കാനിൽ ജപമാല സമർപ്പണം
Tuesday, February 25, 2025 12:13 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയെ പ്രത്യേകം സമര്‍പ്പിച്ച് ഇന്നലെ രാത്രി വത്തിക്കാനിൽ ജപമാല ചൊല്ലി പ്രാര്‍ഥിച്ചു.
വത്തിക്കാൻ സമയം രാത്രി ഒന്‍പതിന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാലപ്രാർഥനയിൽ റോമിലെ കർദിനാൾമാരും റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരും പങ്കെടുത്തു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ജപമാല നയിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രാർഥനയിൽ പങ്കുചേരാൻ കത്തോലിക്കാ ചാനലായ ഇഡബ്ല്യുടിഎന്‍ യുട്യൂബിലൂടെ തത്സമയ സംപ്രേഷണം ലഭ്യമാക്കിയിരുന്നു.
ഇനി എല്ലാ ദിവസവും രാത്രിയിൽ വത്തിക്കാൻ ചത്വരത്തിൽ ജപമാല സമർപ്പണം ഉണ്ടായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ മാർപാപ്പയുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥനാകൂട്ടായ്മകള്‍ നടത്തുന്നുണ്ട്. നിരവധിയാളുകൾ മാർപാപ്പ കഴിയുന്ന ആശുപത്രിയുടെ മുന്നിലെത്തിയും പ്രാർഥിക്കുന്നുണ്ട്.