റുഷ്ദിയെ കുത്തിയ ഹാദി കുറ്റക്കാരൻ
Saturday, February 22, 2025 11:01 PM IST
ന്യൂയോർക്ക്: ബ്രിട്ടീഷ്-ഇന്ത്യൻ സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച ലബനീസ് വംശജനായ അമേരിക്കൻ പൗരൻ ഹാദി മതാറിന് (27) എതിരേ ചുമത്തിയ വധശ്രമക്കേസ് തെളിഞ്ഞതായി ന്യൂയോർക്ക് കോടതി ജൂറി വിധിച്ചു. ശിക്ഷ ഏപ്രിൽ 23നു പ്രഖ്യാപിക്കും. 30 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
സൽമാർ റുഷ്ദി 2022 ഓഗസ്റ്റിൽ ന്യൂയോർക്കിലെ വേദിയിൽ പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു സംഭവം. റുഷ്ദിയുടെ കണ്ണ്, കവിൾ, കഴുത്ത്, നെഞ്ച്, കാല് എന്നിവിടങ്ങളിലായി 15 തവണ ഇയാൾ കുത്തി. ഇതേത്തുടർന്ന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച പോയി.
ഞരന്പുകൾക്കേറ്റ പരിക്കുമൂലം കൈ തളർന്നു. കരളിനും തകരാറുണ്ടായി. റുഷ്ദിക്കൊപ്പം വേദിയിലുണ്ടായിരുന്ന അവതാരകൻ ഹെൻറി റീസിനു കുത്തേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലായിരുന്നു.
റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങൾ’ എന്ന വിവാദ നോവൽ പ്രസിദ്ധീകരിക്കപ്പെട്ട് 35 വർഷങ്ങൾക്കു ശേഷമായിരുന്നു ആക്രമണം. ചില മുസ്ലിം രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട നോവലിന്റെ പേരിൽ റുഷ്ദിയെ വധിക്കാൻ ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു.
റുഷ്ദിയെ ആക്രമിച്ച ഹാദി ജയിലിൽവച്ച് ന്യൂയോർക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിൽ ഖൊമേനിയെ പ്രകീർത്തിച്ചിരുന്നു. ന്യൂ ജഴ്സിയിലെ ഫെയർവ്യൂവിലാണ് ഹാദി ജനിച്ചത്. ലബനനിലെ ഹിസ്ബുള്ള ഭീകര സംഘടനയ്ക്കു സഹായം നല്കിയതിന്റെ പേരിലും ഇയാൾക്കെതിരേ കേസുണ്ട്.