പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവച്ച് ഇസ്രയേൽ
Monday, February 24, 2025 1:00 AM IST
ടെൽ അവീവ്: ശനിയാഴ്ച ആറു ബന്ദികളെ കൈമാറിയതിനു പകരമായി 602 പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രയേൽ തയാറായില്ല. ഹമാസ് വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ അടുത്ത ഘട്ട ബന്ദിമോചനം നടന്നാലേ ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ വിട്ടയയ്ക്കൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ബന്ദികളെ വേദിയിൽ പ്രദർശിപ്പിച്ചു നാണംകെടുത്തുന്ന ചടങ്ങുകൾ ഇനി ആവർത്തിക്കരുതെന്നും നെതന്യാഹു ഉപാധി വച്ചു. ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിക്കുകയാണെന്ന് ഹമാസ് ഭീകരർ ആരോപിച്ചു.
മാർച്ച് ഒന്നിനാണ് അടുത്ത ഘട്ട ബന്ദിമോചനം നടക്കേണ്ടത്. പുതിയ സംഭവവികാസങ്ങൾ ഗാസ വെടിനിർത്തലിനെ ബാധിക്കാൻ സാധ്യതയുണ്ട്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ നാലും 2014, 2015 വർഷങ്ങളിൽ ഗാസയിൽവച്ച് പിടിയിലായ രണ്ടും ബന്ദികളെയാണു ശനിയാഴ്ച മോചിപ്പിച്ചത്. ഇതിനു പകരമായി ഇസ്രേലി ജയിലുകളിൽനിന്ന് 602 പലസ്തീൻ തടവുകാർ മോചിതരാകകേണ്ടതായിരുന്നു. എന്നാൽ, തടവുകാരുടെ മോചനം നീട്ടിവയ്ക്കുന്നതായി ഞായറാഴ്ച പുലർച്ചെ ഇസ്രയേൽ അറിയിക്കുകയായിരുന്നു.
ആയുധധാരികളായ ഹമാസ് ഭീകരർ ബന്ദികളെ ഗാസയിലെ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചശേഷം വിട്ടയയ്ക്കുന്ന രീതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.