യുക്രെയ്നെ തുടച്ചുനീക്കാനാണു പുടിന്റെ നീക്കമെന്ന് ബിഷപ് സ്വിയാതൊവ് സ്ലാവ് ഷെവ്ചുക്
Sunday, February 23, 2025 1:00 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നെയും അവിടുത്തെ ജനങ്ങളെയും കത്തോലിക്കാസഭയെയും തുടച്ചുനീക്കുക എന്ന ലക്ഷ്യമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റേതെന്ന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജർ ആർച്ച്ബിഷപ് സ്വിയാതൊവ് സ്ലാവ് ഷെവ്ചുക്.
വാഷിംഗ്ടണിലെത്തിയ അദ്ദേഹം ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ൻ പിടിച്ചടക്കുന്നതിൽ റഷ്യ വിജയിച്ചാൽ, ഞങ്ങളുടെ സഭ നിലനിൽക്കില്ല. ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്നമാണെന്നും ബിഷപ് പറഞ്ഞു.
റഷ്യ പൗരസ്ത്യ കത്തോലിക്കർക്കു സ്വാധീനമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോഴെല്ലാം അവരെ റഷ്യൻ ഓർത്തഡോക്സ് സഭയിലേക്ക് നിർബന്ധിച്ചു ചേർക്കുകയോ നാടുകടത്തുകയോ ജീവിതാവസാനം വരെ തടവറകളിൽ അടയ്ക്കുകയോ ചെയ്യുന്നുവെന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
ഞങ്ങൾ ന്യായമായ സമാധാനമാണ് തേടുന്നത്, അല്ലാതെ ആക്രമണകാരിയെ കൂടുതൽ ശക്തമായി തിരിച്ചുവരാൻ അനുവദിക്കുന്ന താത്കാലിക വെടിനിർത്തലല്ല. റഷ്യൻ സാമ്രാജ്യം സ്ഥാപിക്കാനാണ് പുടിന്റെ ശ്രമം. യുക്രെയ്നിൽ റഷ്യ വിജയിച്ചാൽ ഉടൻതന്നെ ബാൾട്ടിക് രാജ്യങ്ങളും, പോളണ്ട്, ജോർജിയ, അർമേനിയ എന്നീ രാജ്യങ്ങളുമൊക്കെ റഷ്യയുടെ അധിനിവേശ ഭീഷണിയിലാകും.
2022 ഡിസംബറിൽ റഷ്യൻ അധികാരികൾ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടിയ ബിഷപ് സ്വിയാതൊവ് , 18 മാസത്തെ റഷ്യൻ അടിമത്തത്തിൽ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ച രണ്ട് യുക്രേനിയൻ വൈദികരുടെ കദനകഥയും വിവരിച്ചു. അവരുടെ മോചനത്തിനായി പരിശുദ്ധ സിംഹാസനം നടത്തിയ ശ്രമത്തിനും മധ്യസ്ഥതയ്ക്കും പ്രത്യേകം നന്ദി പറയുന്നതായും ബിഷപ് പറഞ്ഞു.
യുക്രെയ്നെ റഷ്യ കീഴടക്കിയാൽ വലിയ അപകടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകൾ റഷ്യൻ പ്രചാരണം പ്രതിഫലിപ്പിക്കുന്നവയാണ്.
യുക്രെയ്നിന്റെയും അവിടുത്തെ സഭയുടെയും ഭാവി ശാശ്വത സമാധാനത്തെ ആശ്രയിച്ചിരിക്കുന്നു. യുക്രെയ്ൻ മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നുവെന്ന റഷ്യൻ പ്രചാരണം അടിസ്ഥാനരഹിതമാണ്. യുക്രെയ്ൻ സർക്കാർ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
എല്ലാ വിശ്വാസങ്ങളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ റഷ്യൻ ഓർത്തഡോക്സ് സഭയുമായി യോജിക്കാത്ത മതവിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും മേജർ ആർച്ച്ബിഷപ് സ്വിയാതൊവ് സ്ലാവ് ഷെവ്ചുക് ആരോപിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ട്രംപ് ഭരണകൂടം റഷ്യയിലേക്ക് നയതന്ത്ര ചാനലുകൾ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവിടത്തെ പ്രബല വിഭാഗമായ ഗ്രീക്ക് കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ്പിന്റെ അമേരിക്കൻ സന്ദർശനം.