യൂറോപ്പ് അമേരിക്കയിൽനിന്നു സ്വാതന്ത്ര്യം നേടണമെന്ന് ഫ്രെഡറിക് മെർസ്
Tuesday, February 25, 2025 12:13 AM IST
ബർലിൻ: അമേരിക്കയിൽനിന്നു സ്വാതന്ത്ര്യം നേടുന്നതിനെക്കുറിച്ച് യൂറോപ്പ് ചിന്തിക്കണമെന്ന്ജർമനിയുടെ അടുത്ത ചാൻസലറാകുമെന്ന് കരുതുന്ന ഫ്രെഡറിക് മെർസിന്റെ മുന്നറിയിപ്പ്.
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം വഴികൾ തേടണമെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജർമൻ തെരഞ്ഞെടുപ്പിൽ അമേരിക്കയുടെ ഇടപെടലിനെ വിമർശിച്ച മെർസ്, തെരഞ്ഞെടുപ്പിൽ വാഷിംഗ്ടണിൽനിന്നുള്ള ഇടപെടലുകൾ തങ്ങൾ മോസ്കോയിൽനിന്നു കണ്ട ഇടപെടലുകളേക്കാൾ നാടകീയവും കഠിനവും ആത്യന്തികമായി അതിരുകടന്നതുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ജർമനി രണ്ടു വശത്തുനിന്നും വലിയ സമ്മർദത്തിലാണെന്നും യൂറോപ്പിൽ ഐക്യം ഉറപ്പുവരുത്തുകയെന്നതാണു തന്റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.