മാർപാപ്പയെ സിടി സ്കാനിംഗിനു വിധേയനാക്കി
Thursday, February 27, 2025 2:15 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീർണമെങ്കിലും സ്ഥായിയായി തുടരുന്നുവെന്ന് വത്തിക്കാൻ. കഴിഞ്ഞ രാത്രി ശാന്തമായി ഉറങ്ങി.
രക്തയോട്ടം സാധാരണ നിലയിലാണെന്നും ന്യുമോണിയ നിരീക്ഷിക്കാൻ വീണ്ടും സിടി സ്കാനിംഗിനു വിധേയനാക്കിയെന്നും വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, വത്തിക്കാൻ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിലും വത്തിക്കാനിലേക്ക് സംഭാവനകൾ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ കമ്മീഷൻ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിലും മാർപാപ്പ ഇന്നലെ ഒപ്പുവച്ചു.
വത്തിക്കാൻ ഗവർണറേറ്റിന്റെ ജനറൽ സെക്രട്ടറിമാരായി ആർച്ച്ബിഷപ് എമിലിയോ നാപ്പാ, അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണു നിയമിച്ചത്. വത്തിക്കാൻ ഗവർണറേറ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി സിസ്റ്റർ റഫായേല്ല പെത്രീനിയെ മാർപാപ്പ നേരത്തെ നിയമിച്ചിരുന്നു. മൂന്നുപേരും മാർച്ച് ഒന്നിന് സ്ഥാനമേൽക്കും.