യുക്രെയ്ൻ യുദ്ധം: യുഎന്നിൽ റഷ്യക്കൊപ്പം ചേർന്ന് അമേരിക്ക
Wednesday, February 26, 2025 1:25 AM IST
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കൊപ്പം ചേർന്ന് അമേരിക്ക. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തെ എതിർത്ത് അമേരിക്ക വോട്ട് ചെയ്തു.
മൂന്നു വർഷംമുന്പ് റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ചശേഷം ആദ്യമായാണ് അമേരിക്കയുടെ നിലപാടുമാറ്റം. 93 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായും 18 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു.
അതേസമയം, ഇന്ത്യയും ചൈനയും ഉൾപ്പെടെ 65 രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു. മുൻകാലങ്ങളിൽ യുക്രെയ്നു ലഭിച്ചിരുന്ന പിന്തുണയിൽ ഇടിവ് വന്നിട്ടുണ്ടെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. ഇതിനുമുന്പ് യുഎന്നിൽ നടന്ന വോട്ടെടുപ്പിൽ 140 രാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ എതിർത്തിരുന്നു. യൂറോപ്യൻ പിന്തുണയോടെയുള്ള യുക്രെയ്നിന്റെ പ്രമേയത്തെ യുഎസ് എതിർത്തു.
എന്നാൽ, സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട്, സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിന് അംഗീകാരം ലഭിച്ചു.
വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്ന അഞ്ച് രാജ്യങ്ങൾ യൂറോപ്പിൽനിന്നാണ്. യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനായി യുഎസും റഷ്യയുമായി ചർച്ചകൾ നടത്തിയതോടെ ആരംഭിച്ച യുഎസ്-യുക്രെയ്ൻ ഏറ്റുമുട്ടൽ ഐക്യരാഷ്ട്രസഭയിലും പ്രതിഫലിച്ചു.
ട്രംപിന്റെ വരവോടെ യുഎസിന്റെ വിദേശനയത്തിലുണ്ടായിരിക്കുന്ന മാറ്റവും ദൃശ്യമായി. പ്രാരംഭ ചർച്ചകളിൽനിന്നു തങ്ങളെ ഒഴിവാക്കിയതിൽ യൂറോപ്യൻ നേതാക്കൾക്കുപ്രതിഷേധമുണ്ടായിരുന്നു.