ഫ്രാൻസിൽ അൾജീരിയക്കാരന്റെ കത്തിയാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Monday, February 24, 2025 1:00 AM IST
പാരീസ്: കിഴക്കൻ ഫ്രാൻസിലെ മുളൂസ് നഗരത്തിൽ അൾജീരിയൻ വംശജൻ നടത്തിയ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പോലീസുകാർക്കു പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച നഗരത്തിലെ മാർക്കറ്റിലുണ്ടായ സംഭവത്തെ തീവ്രവാദ ആക്രമണമായിട്ടാണ് പരിഗണിക്കുന്നത്. ആക്രമണസമയത്ത് പ്രതി അറബിയിൽ മുദ്രാവാക്യം മുഴക്കിയിരുന്നു.
37 വയസുള്ള പ്രതിയെ സ്ഥലത്തുനിന്നു പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പ്രതിയെ നാടുകടത്താൻ ഫ്രഞ്ച് അധികൃതർ തീരുമാനിച്ചിരുന്നു. പോലീസിനെയാണ് ഇയാൾ ആദ്യം ആക്രമിച്ചത്. ഇതിൽ ഇടപെടാൻ ശ്രമിച്ച 69 വയസുള്ള പോർച്ചുഗീസ് പൗരനാണു കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ടു പോലീസുകാരുടെ നില ഗുരുതരമാണ്.