ധാതുവിഭവങ്ങൾ: യുക്രെയ്നും യുഎസും ധാരണയിൽ
Thursday, February 27, 2025 2:15 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നിലെ ധാതുവിഭവങ്ങളിൽ അമേരിക്കയ്ക്ക് അവകാശം ലഭിക്കാൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന നീക്കങ്ങൾ വിജയത്തിലേക്ക്.
ഇതു സംബന്ധിച്ച കരട് കരാർ അമേരിക്കയും യുക്രെയ്നും അംഗീകരിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഈയാഴ്ച അമേരിക്കയിലെത്തി കരാറിൽ ഒപ്പിടാൻ ആഗ്രഹിക്കുന്നതായി ട്രംപ് അറിയിച്ചു.
പുതുക്കിയ കരടു കരാർ യുക്രെയ്നു ഗുണകരമാണെന്ന് അവിടെനിന്നുള്ള വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. യുക്രെയ്നു നല്കുന്ന ധനസഹായത്തിനു പകരമായി 50,000 കോടി ഡോളറിന്റെ വിഭവങ്ങളിൽ അവകാശം വേണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ചതായിട്ടാണു റിപ്പോർട്ട്.
അതേസമയം, യുദ്ധാനന്തര യുക്രെയ്ന് അമേരിക്കയുടെ സുരക്ഷാ ഉറപ്പ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടില്ല.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി അമേരിക്ക ധാരണയുണ്ടാക്കുന്നതുവരെ യുക്രെയ്ന് ആയുധങ്ങൾ നല്കുന്നതു തുടരുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
യുക്രെയ്ന് അമേരിക്കൻ സഹായം ഇല്ലായിരുന്നെങ്കിൽ യുദ്ധം വളരെ മുന്പേ അവസാനിച്ചേനെ. യുദ്ധാന്തര യുക്രെയ്നിൽ സമാധാന സേനയെ വിന്യസിക്കണമെന്ന ആവശ്യമുണ്ട്. എന്നാൽ എല്ലാ കക്ഷികളും ഇത് അംഗീകരിക്കില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അപൂർവ ധാതുക്കളാലും ഊർജവിഭവങ്ങളാലും സന്പന്നമാണ് യുക്രെയ്ൻ. അമേരിക്ക നല്കുന്ന സഹായത്തിനു പകരമായി വിഭവങ്ങൾ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ടത് ട്രംപാണ്. നേരത്തേ ട്രംപ് ഭരണകൂടം തയാറാക്കിയ കരാറിൽ ഒപ്പിടാൻ സെലൻസ്കി വിസമ്മതിച്ചിരുന്നു.