മലേഷ്യയിൽ ഇസ്രേലി പൗരന് ഏഴു വർഷം തടവ്
Thursday, February 27, 2025 2:15 AM IST
ക്വാലാലംപുർ: തോക്കുകളും വെടിയുണ്ടകളുമായി മലേഷ്യയിൽ അറസ്റ്റിലായ ഇസ്രേലി പൗരൻ ഷാലോം അവിതാനിന് (39) കോടതി ഏഴു വർഷം തടവുശിക്ഷ വിധിച്ചു.
കഴിഞ്ഞവർഷം മാർച്ചിൽ ക്വാലാലംപുരിലെ ഹോട്ടലിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തോക്കുകൾ കൈമാറിയ മലേഷ്യൻ ദന്പതികളും അറസ്റ്റിലായിരുന്നു.
ആറു തോക്കുകളാണു കണ്ടെത്തിയത്. കുടുംബവഴക്കിന്റെ പേരിൽ മറ്റൊരു ഇസ്രേലി പൗരനെ വധിക്കാനായിരുന്നു ആയുധങ്ങളെന്നാണ് ഇയാൾ പറഞ്ഞത്.
യുഎഇയിൽനിന്നു ഫ്രഞ്ച് പാസ്പോർട്ടുമായിട്ടാണ് ഇയാൾ മലേഷ്യയിലെത്തിയത്. പിടിയിലായപ്പോൾ ഇസ്രേലി പാസ്പോർട്ട് കാണിച്ചു.
ഇയാൾ ഇസ്രയേലിലെ ചാരസംഘടനകളിലോ ഗുണ്ടാ സംഘങ്ങളിലോ അംഗമാണെന്നു സംശയിച്ചിരുന്നു. പോലീസ് ചുമത്തിയ കുറ്റങ്ങൾ ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.