കോംഗോയിൽ അജ്ഞാതരോഗം: 50 മരണം
Wednesday, February 26, 2025 12:33 AM IST
കിൻഷാസ: വടക്കുപടിഞ്ഞാറൻ കോംഗോയിൽ അജ്ഞാത രോഗം 50 പേരുടെ ജീവൻ കവർന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പ്രദേശത്തെ ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഭൂരിപക്ഷം കേസുകളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ മരണം വരെ 48 മണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ജനുവരി 21ന് പൊട്ടിപ്പുറപ്പെട്ട രോഗം ഇതുവരെ 53 പേരുടെ മരണത്തിനിടയാക്കി. ആകെ 419 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലിനെ ഭക്ഷിച്ച മൂന്നു കുട്ടികൾ മരിച്ചതോടെയാണ് ബൊളോകോ പട്ടണത്തിൽ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതെന്നു ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഓഫീസ് അറിയിച്ചു.
മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു രോഗങ്ങൾ പടരുന്ന സംഭവങ്ങൾ ആഫ്രിക്കയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അറുപത് ശതമാനത്തിലേറെ വർധിച്ചെന്ന് ലോകാരോഗ്യസംഘടന 2022ൽ അറിയിച്ചിരുന്നു.