50 ലക്ഷം ഡോളറിന് അമേരിക്കൻ പൗരത്വം; ഗോൾഡൻ കാർഡ് പദ്ധതിയുമായി ട്രംപ്
Thursday, February 27, 2025 2:15 AM IST
വാഷിംഗ്ടൺ ഡിസി: വിദേശനിക്ഷേപം ആകർഷിക്കാൻ 50 ലക്ഷം ഡോളറിന് (ഏകദേശം 43.5 കോടി രൂപ) അമേരിക്കൻ പൗരത്വം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി പ്രസിഡന്റ് ട്രംപ്. ഗോൾഡ് കാർഡ് വീസ എന്നാണു പദ്ധതിയുടെ പേര്.
വിദേശ നിക്ഷേപകർക്കായി മൂന്നര പതിറ്റാണ്ടായി നിലവിലുള്ള ‘ഇബി-5’ വീസ പദ്ധതിക്കു പകരമായിട്ടാണ് ട്രംപ് ഗോൾഡ് കാർഡ് വീസ അവതരിപ്പിക്കുന്നത്. ഇബി-5 പ്രകാരം നിശ്ചിത തുക നിക്ഷേപിക്കുന്ന വിദേശികൾക്ക് അമേരിക്കയിൽ സ്ഥിരതമാസത്തിനുള്ള ഗ്രീൻ കാർഡ് ലഭിക്കും.
എന്നാൽ ഗ്രീൻ കാർഡിനു പുറമേ യുഎസ് പൗരത്വത്തിനുകൂടി അവസരം നല്കുന്നതാണ് ഗോൾഡൻകാർഡ് വീസയെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്കു സന്പന്നരെ ആകർഷിക്കാൻ പദ്ധതിക്കു കഴിയും.
റഷ്യൻ ശതകോടീശ്വരന്മാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്കി.
1990ലാണ് ഇബി-5 കുടിയേറ്റ നിക്ഷേപ വീസ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി വിവരക്കേടാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.