ട്രംപിനെയും മോദിയെയും പിന്തുണച്ച് മെലോനി
Monday, February 24, 2025 1:00 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെടെയുള്ള വലതുപക്ഷനേക്കാളെ പിന്തുണച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപും മെലോണിയും ഹാവിയർ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുന്പോൾ, അവരെ ജനാധിപത്യത്തിനു ഭീഷണി എന്ന് ഇടത്-ലിബറൽ വിഭാഗം വിശേഷിപ്പിക്കുന്നു.
തൊണ്ണൂറുകളിൽ ബിൽ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടത്-ലിബറൽ ശൃംഖല സൃഷ്ടിച്ചപ്പോൾ അവരെ രാഷ്ട്രതന്ത്രജ്ഞർ എന്നാണ് വിശേഷിപ്പിച്ചത്. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്-മെലോണി പറഞ്ഞു.
വാഷിംഗ്ടൺ ഡിസിയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിനെ(സിപിഎസി) ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മെലോണി. ട്രംപിന്റെ വിജയത്തിൽ ഇടതുപക്ഷം പരിഭ്രാന്തരാണ്. അവരുടെ പരിഭ്രാന്തി മോഹാലസ്യത്തിലെത്തിയിരിക്കുന്നു.
യാഥാസ്ഥിതികരുടെ വിജയം മാത്രമല്ല, അവർ ആഗോളതലത്തിൽ യോജിച്ചു പ്രവർത്തിക്കുന്നതും ഇടതുപക്ഷത്തെ അങ്കലാപ്പിലാക്കുന്നു. ഇടതുപക്ഷത്തിന്റെ നുണകൾ ജനം വിശ്വസിക്കുന്നില്ലെന്നും മെലോണി കൂട്ടിച്ചേർത്തു.