ന്യൂസിലൻഡ് വാണിജ്യമന്ത്രി രാജിവച്ചു
Tuesday, February 25, 2025 12:13 AM IST
വെല്ലിംഗടൺ: സ്റ്റാഫ് അംഗത്തോട് ‘ധിക്കാരപൂർവം’ പെരുമാറിയതിനു ന്യൂസിലൻഡ് വാണിജ്യമന്ത്രി ആൻഡ്രൂ ബയ്ലി രാജി വച്ചു. സ്റ്റാഫ് അംഗത്തിന്റെ കൈയ്ക്കു മേൽ കൈവച്ചതാണു രാജിക്കു കാരണമായ വിവാദത്തിലേക്കു നയിച്ചത്.
സംഭവം തർക്കത്തിന്റെ ഭാഗമായി ഉണ്ടായതല്ലെന്നും കാര്യങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യവേ സംഭവിച്ചുപോയതാണെന്നും ബയ്ലി പറഞ്ഞു. തെറ്റിനു താൻ മാപ്പു ചോദിക്കുന്നുവെന്നും എന്നാൽ ഇപ്പോഴത്തെ വിവാദം ഊതിപ്പെരുപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹം വീഞ്ഞ് നിർമാണശാലയിലെ ഒരു ജീവനക്കാരനെ ഒന്നിനും കൊള്ളാത്തവൻ എന്ന് വിളിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
ഈ മാസം 18ന് നടന്ന സംഭവത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി രാജിവച്ചെന്ന് ന്യൂസിലാൻഡ് പ്രധാന മന്ത്രി ക്രിസ്റ്റഫർ ലക്സൺ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അദ്ദേഹം ഇനി അധികാരത്തിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന്, ഇപ്പോൾ പറയാനാകില്ലെന്ന തരത്തിലുള്ള മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. ലക്സൺ മന്ത്രിസഭയിൽനിന്നു സ്വമേധയാ രാജിവയ്ക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം.