ന്യൂസിലൻഡിൽ പള്ളികൾ തീയിട്ടു നശിപ്പിക്കാൻ ശ്രമം
Monday, February 24, 2025 1:00 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഏഴു പള്ളികൾ തീവച്ചു നശിപ്പിക്കാൻ ശ്രമം. തലസ്ഥാനമായ വെല്ലിംഗ്ടണിനു വടക്ക് മാസ്റ്റർട്ടൺ പട്ടണത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ആംഗ്ലിക്കൻ സഭയുടെ ദ എപ്പിഫെനി പള്ളി, കത്തോലിക്കാ സഭയുടെ സെന്റ് പാട്രിക് പള്ളി, എക്യുപ്പേഴ്സ്, ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭകളിലെ ഓരോന്ന് എന്നിങ്ങനെ നാലു പള്ളികളിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് മൂന്നു പള്ളികളിൽക്കൂടി തീവയ്ക്കാൻ ശ്രമം നടന്നതായി കണ്ടെത്തി.
തീപിടിത്തമുണ്ടായ പള്ളികളിലെ ജനാല, കസേര മുതലായവ നശിച്ചു. എല്ലായിടത്തെയും തീയണച്ചുവെന്നും ആർക്കും പരിക്കില്ലെന്നും അഗ്നിശമനസേന അറിയിച്ചു. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
തീവച്ചത് താനാണെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയിൽ ഇയാൾ മതവിരുദ്ധതയും രാജഭരണവിരുദ്ധതയും പ്രകടിപ്പിക്കുന്നുണ്ട്.