മൂന്നു വർഷത്തിനുള്ളിൽ 4,000 ജോലിക്കാരെ ഒഴിവാക്കുമെന്ന് സിംഗപ്പുർ ബാങ്ക്
Wednesday, February 26, 2025 12:33 AM IST
സിംഗപ്പുർ: നിർമിത ബുദ്ധി കൂടുതൽ വ്യാപകമാകുന്നതോടെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 4,000 തൊഴിലവസരങ്ങൾ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നു സിംഗപ്പുരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസിന്റെ വക്താവ് അറിയിച്ചു.
ഇത് കരാർ ജോലിക്കാരെ ബാധിക്കുമെങ്കിലും സ്ഥിരം ജീവനക്കാരെ ബാധിക്കാനിടയില്ലെന്നു ചീഫ് എക്സിക്യൂട്ടീവ് പീയുഷ് ഗുപ്ത പറഞ്ഞു.
അതേസമയം, നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ആയിരം പുതിയ തൊഴിലവസങ്ങൾ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തുന്ന ആദ്യത്തെ ബാങ്കാണ് ഡിബിഎസ്.
എന്നാൽ, സിംഗപ്പൂരിൽ എത്ര ജോലികൾ നഷ്ടപ്പെടുമെന്നോ ഏതെല്ലാം തസ്തികകൾ ഇല്ലാതാവുമെന്നോ ഇപ്പോഴും വ്യക്തതയില്ല. 41,000 ജീവനക്കാരുള്ള ബാങ്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി എഐ സാങ്കേതികവിദ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു.