യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം
Monday, February 24, 2025 1:00 AM IST
കീവ്: അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തലേന്ന് യുക്രെയ്നിലുടനീളം വൻ ഡ്രോൺ ആക്രമണം നടത്തി റഷ്യ. 367 ഡ്രോണുകളാണ് ഇന്നലെ റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇതിനു മുന്പ് ഒറ്റ ദിവസം ഇത്രയേറെ ഡ്രോണുകൾ റഷ്യ പ്രയോഗിച്ചിട്ടില്ല. യുക്രെയ്നിലെ 13 മേഖലകൾ ആക്രമണത്തിനിരയായി. ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തങ്ങളുമുണ്ടായി.
ഇതിനിടെ, ശനിയാഴ്ച രാത്രി യുക്രെയ്ൻ തൊടുത്ത 20 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. 2022 ഫെബ്രുവരി 24നാണ് റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്. യുഎസിലെ ട്രംപ് ഭരണകൂടം യുദ്ധം അവസാനിപ്പിക്കാനായി റഷ്യയുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. യുക്രെയ്നെയും യൂറോപ്യൻ യൂണിയനെയും ഒഴിവാക്കിയാണ് ട്രംപിന്റെ നീക്കങ്ങൾ.