റഷ്യയിലെ അപൂർവധാതുക്കൾ അമേരിക്കയ്ക്കു നൽകാമെന്ന് പുടിൻ
Wednesday, February 26, 2025 12:33 AM IST
മോസ്കോ: റഷ്യയിലെയും റഷ്യൻ അധീന യുക്രെയ്നിലെയും അപൂർവ ധാതുക്കൾ അമേരിക്കയ്ക്കു നൽകാമെന്ന് റഷ്യൻ പ്രസിഡന്റ് പുടിന്റെ വാഗ്ദാനം. യുക്രെയ്നു നൽകുന്ന യുദ്ധസഹായത്തിനു പകരമായി അവിടുത്തെ അപൂർവധാതുക്കൾ പങ്കിടാൻ ട്രംപ് നിർബന്ധിക്കുന്നതിനിടെയാണ് പുടിന്റെ വാഗ്ദാനം.
റഷ്യയുടെ പുതിയ പ്രദേശങ്ങളിലെ ഖനനം ഉൾപ്പെടെയുള്ള സംയുക്ത പദ്ധതികളിൽ അമേരിക്കൻ പങ്കാളികൾക്കു വിഭവങ്ങൾ കൈമാറാൻ തയാറാണെന്ന് ഒരു ടിവി അഭിമുഖത്തിലാണ് പുടിൻ വ്യക്തമാക്കിയത്.
അപൂർവധാതുക്കളുടെ കാര്യത്തിലുള്ള യുഎസ്-യുക്രെയ്ൻ കരാറിൽ ഒരു ആശങ്കയു മില്ലെന്നും പുടിൻ വ്യക്തമാക്കി. സൈബീരിയയിലെ ക്രാസ്നോയാർസ്കിൽ അലുമിനിയം ഉത്പാദനത്തിൽ റഷ്യയ്ക്കും അമേരിക്കയ്ക്കും സഹകരിക്കാമെന്നും പുടിൻ നിർദേശിച്ചു. അതേസമയം, അപൂർവധാതുക്കൾ പങ്കിടുന്നതിൽ യുക്രെയ്നും അമേരിക്കയും തമ്മിൽ ഉടൻ കരാർ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.