മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Tuesday, February 25, 2025 2:14 AM IST
വത്തിക്കാന്‍ സിറ്റി: മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും എന്നാൽ, നിലവില്‍ ശ്വാസതടസമില്ലെന്നും വേദന കുറഞ്ഞതായും വത്തിക്കാൻ അറിയിച്ചു. ഓക്സിജൻ നൽകുന്നുണ്ട്. കഴിഞ്ഞ രാത്രി മാർപാപ്പ ശാന്തമായി ചെലവിട്ടുവെന്നും വത്തിക്കാന്‍ അറിയിച്ചു.
വൃക്കസംബന്ധമായ ചില പ്രശ്നങ്ങളും മാർപാപ്പ നേരിടുന്നുണ്ട്. രക്തപരിശോധനകൾ നടത്തിയതില്‍നിന്നാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. ഇതു നിലവിൽ നിയന്ത്രണവിധേയമാണ്. രണ്ടു യൂണിറ്റ് രക്തം നല്‍കിയതോടെ ഹീമോഗ്ലോബിന്റെ അളവ് ഉയർന്നു.
ക്ലിനിക്കൽ സാഹചര്യത്തിന്റെ സങ്കീർണതയും ചികിത്സകളില്‍ ഫലങ്ങൾ കാണിക്കുന്നതിന് ആവശ്യമായ സമയവും കണക്കിലെടുത്ത് ചികിത്സ നീളുമെന്നാണ് പുറത്തുവരുന്ന വിവരം.
ജെമെല്ലി പോളിക്ലിനിക് ആശപത്രിയുടെ പത്താം നിലയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ തനിക്ക് ഈ ദിവസങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർക്കൊപ്പം ഞായറാഴ്ച രാവിലെ വിശുദ്ധകുർബാനയിൽ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു.