ആറു ബന്ദികളെ ഹമാസ് മോചിപ്പിച്ചു
Saturday, February 22, 2025 11:01 PM IST
ടെൽ അവീവ്: വെടിനിർത്തൽ ധാരണ അനുസരിച്ച് ഗാസയിലെ ഹമാസ് ഭീകരർ ഇന്നലെ ആറ് ഇസ്രേലി ബന്ദികളെ മോചിപ്പിച്ചു. വ്യാഴാഴ്ച വിട്ടുകൊടുത്തപ്പോൾ മാറിപ്പോയെന്നു കണ്ടെത്തിയ ഷിരി ബിബാസ് എന്ന വനിതയുടെ മൃതദേഹം വെള്ളിയാഴ്ചയും ഹമാസ് കൈമാറി. ഇസ്രേലി ജയിലുകളിൽനിന്ന് 602 പലസ്തീൻ തടവുകാർ ഇന്നലെ മോചിതരായി.
താൽ ഷോഹാം (40), ഏലിയ കോഹൻ (27), ഒമർ ഷെം തോവ് (22), ഒമർ വെൻകെർട്ട് (23), അവിര മെൻജിസ്തു (39), ഹിഷാം അൽ സയ്യിദ് (37) എന്നീ ഇസ്രേലി ബന്ദികളെയാണ് ഹമാസ് ഇന്നലെ വിട്ടയച്ചത്. ഇതിൽ നാലു പേർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ്. അവിര മെൻജിസ്തു, ഹിഷാം അൽ സയ്യിദ് എന്നിവർ യഥാക്രമം 2014, 2015 വർഷങ്ങളിൽ ഗാസയിൽവച്ച് ഹമാസിന്റെ പിടിലായതാണ്.
ഇന്നലെ രണ്ടു ബന്ദികളെ തെക്കൻ ഗാസയിലെ റാഫയിൽവച്ചും മൂന്നു പേരെ സെൻട്രൽ ഗാസയിലെ നുസെയ്റത്തിൽവച്ചും ഭീകരർ റെഡ്ക്രോസിനു കൈമാറുകയായിരുന്നു. പതിവുപോലെ ആയുധമേന്തിയ ഹമാസ് ഭീകരർ ബന്ദികളെ വേദിയിൽ പ്രദർശിപ്പിച്ച ശേഷമാണ് വിട്ടുകൊടുത്തത്. എന്നാൽ, ബെദൂയിൻ വംശജനായ ഹിഷാം അൽ സയ്യിദിന്റെ കാര്യത്തിൽ വേദിയിലെ പ്രദർശനമുണ്ടായില്ല. സയ്യിദിനു പ്രത്യേക പരിഗണന നല്കിയതിനെ ഇസ്രേലി സേന അപലപിച്ചു.
രണ്ടാമതു കൈമാറിയ മൃതദേഹം ഷിരിയുടേതെന്ന് സ്ഥിരീകരണം
ടെൽ അവീവ്: ഹമാസ് ഭീകരർ രണ്ടാമതു നല്കിയ മൃതദേഹം ഇസ്രേലി വനിതാ ബന്ദി ഷിരി ബിബാസിന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതായി ഇവരുടെ ബന്ധുക്കൾ അറിയിച്ചു.
വ്യാഴാഴ്ച ഹമാസ് നല്കിയ നാലു മൃതദേഹങ്ങളിൽ ഷിരിയുടേത് ഉൾപ്പെടുന്നില്ലെന്ന് ഇസ്രയേൽ കണ്ടെത്തിയിരുന്നു. രണ്ടു മൃതദേഹങ്ങൾ ഇവരുടെ കുഞ്ഞുങ്ങളുടേതുതന്നെയായിരുന്നു. എന്നാൽ ഷിരിയുടേതെന്നു പറഞ്ഞു നല്കിയ മൃതദേഹം ഇസ്രേലി ബന്ദികളിൽ ആരുടേതുമല്ലായിരുന്നു.
ഷിരിയുടെ മൃതദേഹം കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഹമാസിന് മുന്നറിയിപ്പു നല്കി. ഇതിനു പിന്നാലെ വെള്ളിയാഴ്ച ഹമാസ് യഥാർഥ മൃതദേഹം കൈമാറുകയായിരുന്നു.
ഇസ്രേലി വ്യോമാക്രമണത്തിലാണ് ഷിരിയും രണ്ട് ആൺമക്കളും കൊല്ലപ്പെട്ടതെന്നും മൃതദേഹം മാറിപ്പോയിരിക്കാമെന്നുമാണ് ഹമാസ് പറഞ്ഞത്. എന്നാൽ ഷിരിയുടെ കുഞ്ഞുങ്ങളെ ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് മൃതദേഹങ്ങളിലെ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി ഇസ്രയേൽ അറിയിച്ചു.