ജർമനിയിൽ ഇന്നു തെരഞ്ഞെടുപ്പ്
Saturday, February 22, 2025 11:01 PM IST
ബെർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ സാന്പത്തികശക്തിയായ ജർമനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടിയുടെ ഫ്രീഡ്രിക്ക് മെർസ് അടുത്ത ചാൻസലറാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
സിഡിയുവും ബവേറിയയിലെ ഇവരുടെ സഹോദര പാർട്ടിയായ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയനും (സിഎസ്യു) ചേർന്ന് 220 സീറ്റുകൾ നേടാമെന്നാണ് പ്രവചനം.
തീവ്ര വലതുപക്ഷ എഎഫ്ഡി പാർട്ടി വൻ മുന്നേറ്റം കാഴ്ചവച്ച് 145 സീറ്റുകൾ വരെ നേടിയേക്കാം. മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾ അടുത്തകാലത്തു നടത്തിയ ആക്രമണങ്ങൾ കുടിയേറ്റവിരുദ്ധ മനോഭാവമുള്ള എഎഫ്ഡിക്കു ഗുണകരമാകും.
നിലവിലെ ചാൻസലർ ഒലാഫ് ഷോൾസിന്റെ എസ്പിഡി പാർട്ടിക്കു വലിയ പ്രതീക്ഷയില്ല.ഷോൾസിന്റെ കാലത്തുണ്ടായ സാന്പത്തിക തളർച്ചയും അമേരിക്കയിൽ ട്രംപ് അധികാരത്തിലേറിയശേഷം യൂറോപ്പ് നേരിടുന്ന വെല്ലുവിളികളും തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങളായിരുന്നു.