പഹൽഗാം ഭീകരാക്രമണം; തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം
Wednesday, April 30, 2025 2:40 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്പോൾ രാജ്യത്തിന്റെ പ്രതികരണരീതി, ലക്ഷ്യം, സമയം തുടങ്ങിയവ തീരുമാനിക്കാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ സേനാമേധാവികളുൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രവാദത്തിനെതിരേ കനത്ത തിരിച്ചടി നൽകുക എന്നതു രാജ്യത്തിന്റെ ദൃഢനിശ്ചയമാണ്. സൈന്യത്തിന്റെ കാര്യക്ഷമതയിൽ തനിക്കു പൂർണവിശ്വാസമുണ്ടെന്നും മോദി ആവർത്തിച്ചു. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ പ്രതിരോധ നടപടികളടക്കം വിലയിരുത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് തുടങ്ങിയവരുടെ യോഗമാണു പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് മോദി സൈനികമേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഭീകരരെയും അവർക്കു പിന്നിൽ പ്രവർത്തിക്കുന്നവരെയും പിന്തുടർന്നു ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. സൈന്യം തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകളാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള ഉന്നതതല നീക്കങ്ങളിൽ നിന്നു വ്യക്തമാകുന്നത്.
മന്ത്രിസഭാസമിതി യോഗം ഇന്ന്
സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി ഇന്നു യോഗം ചേരുന്നുണ്ട്. ഭീകരാക്രമണത്തിനുശേഷം രണ്ടാം തവണയാണു സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭായോഗവും ഇന്നു നടക്കും. കൂടുതൽ നടപടികൾ വിലയിരുത്തുന്നതിനും തീരുമാനിക്കുന്നതിനുമായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല യോഗവും ഇന്നലെ ഡൽഹിയിൽ നടന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, അതിർത്തി സുരക്ഷാസേന, ആസാം റൈഫിൾസ്, ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവയുടെ ഡയറക്ടർ ജനറൽമാർ, സെൻട്രൽ റിസർവ് പോലീസ് സേന (സിആർപിഎഫ്), സശസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐസ്എഫ്) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം ഈ യോഗത്തിൽ പങ്കെടുത്തു.
തിങ്കളാഴ്ച പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പ്രതിരോധമന്ത്രിയുമായി സ്ഥിതിഗതികൾ വിശദീകരിച്ചശേഷമായിരുന്നു ഈ കൂടിക്കാഴ്ച.
നയതന്ത്ര നീക്കത്തിനുശേഷം സൈനിക നീക്കം
ഭീകരാക്രമണത്തിനുശേഷം ആദ്യം നയതന്ത്രനീക്കങ്ങൾ നടത്തിയശേഷം രാജ്യം സൈനിക നീക്കത്തിലേക്കു കടക്കുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആക്രമണത്തിനു തൊട്ടുപിന്നാലെ സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗം ചേർന്നു പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.
പാക്കിസ്ഥാൻ തെമ്മാടിരാഷ്ട്രമെന്ന് യുഎന്നിൽ ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഭീകരസംഘടനകളെ പിന്തുണയ്ക്കുകയും ധനസഹായം നൽകി മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന "തെമ്മാടി രാഷ്ട്ര’മായി’ പാക്കിസ്ഥാൻ മാറുന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ തീവ്രവാദവിരുദ്ധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേലിന്റെ വിമർശനം. പാക്കിസ്ഥാൻ പ്രതിനിധി പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ മറുപടി.